മൂന്ന് പ്രവർത്തകർക്ക് പരിക്ക്
പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി ഒടിച്ചു
കൊല്ലം: സ്ത്രീ പീഡന കേസിൽ പ്രതിയായ എം.മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തുള്ള എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഏറെ നേരം റോഡ് ഉപരോധിച്ചു.
ഉദ്ഘാടന ശേഷം മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ബാരിക്കേഡ് ചാടിക്കടന്ന് ഓഫീസ് വളപ്പിലേക്ക് പ്രവേശിച്ച മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സരിത, ഹരിത, സുജ ഷിബു എന്നിവർക്ക് പൊലീസ് മർദ്ദനമേറ്റു. ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ജില്ലാ ഭാരവാഹിയായ സിസിലിക്ക് ലാത്തി കൊണ്ട് കുത്തേറ്റു. ഇതിനിടയിൽ പ്രവർത്തകർ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി ഒടിച്ചു. പിന്നീട് നേതാക്കളിടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. മുകേഷ് എം.എൽ.എയുടെ കോലം കത്തിച്ചു.
കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. ഫേബ സുദർശൻ, കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഗീതാഷ്ണൻ, ഡി.സി.സി ഭാരവാഹി കൃഷ്ണവേണി ശർമ്മ, മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ യു.വഹീദ, പ്രഭ അനിൽ, സുനിത സലീംകുമാർ, ജില്ലാ ഭാരവാഹികളായ സുബി നുജും, സിസിലി, ജലജ,സിന്ധു കുമ്പളത്ത്, സാലി, ഗ്രേസി, സരസ്വതി പ്രകാശ്, കുമാരി രാജേന്ദ്രൻ, സരിത അജിത്, സുജ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |