കൊച്ചി: കൈക്കൂലിക്കേസിൽ പൊലീസുകാരൻ വിജിലൻസ് പിടിയിലായി. വരാപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മൂവാറ്റുപുഴ മാറാടി സ്വദേശി എൽദോ പോളാണ് അറസ്റ്റിലായത്. പാസ്‌പോർട്ട് വെരിഫിക്കേഷനായി 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. എറണാകുളം കൊങ്ങോർപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
വിദേശത്തേയ്ക്ക് പോകാൻ കൊങ്ങോർപിള്ളി സ്വദേശി പാസ്‌പോർട്ടിന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് എൽദോ പോൾ പരാതിക്കാരനെ വിളിച്ച് പാസ്‌പോർട്ട് വെരിഫിക്കേഷനുണ്ടെന്നും 14ന് നേരിൽ കാണണെന്നും 500 രൂപ കൈയിൽ കരുതണമെന്നും അറിയിച്ചിരുന്നു. ഇക്കാര്യം പരാതിക്കാരാൻ വിജിലൻസ് മദ്ധ്യമേഖലാ പൊലീസ് സൂപ്രണ്ട് എസ്. ശശിധരനെ അറിയിച്ചു.
ഇന്നലെ പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയപ്പോൾ എൽദോ പോൾ കൈക്കൂലിയായി 500 രൂപ ആവശ്യപ്പെട്ടു. വിജിലൻസ് പറഞ്ഞതനുസരിച്ച് പരാതിക്കാരൻ 500 രൂപ നൽകി. പണം വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.ശിക്ഷാ നടപടിയുടെ ഭാഗമായി അടുത്തിടെയാണ് എൽദോ വരാപ്പുഴ സ്റ്റേഷനിൽ എത്തുന്നത്. ഇയാൾക്ക് എതിരെ വ്യാപക പരാതി വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |