ആലപ്പുഴ : രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ ആലപ്പുഴയിലെ പരമ്പരാഗത തൊഴിൽ വ്യവസായമായ കയർ മേഖലയ്ക്ക് നേരിയ ആശ്വാസം. കയർ വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനും വളർച്ചയ്ക്കുമായി 107.64 കോടി രൂപ അനുവദിച്ചതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളും തുക വകയിരുത്തലുമാണ് പ്രതീക്ഷയ്ക്കടിസ്ഥാനം.
കയർമേഖലയിലെ യന്ത്രവൽക്കരണത്തിനും ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യ വൽക്കരണത്തിനും 38 കോടിയും സഹകരണസംഘങ്ങൾക്കുള്ള ധനസഹായമായി 13.5കോടിയും ചകിരിച്ചോറധിഷ്ഠിത ഉത്പന്നങ്ങളുടെ നിർമ്മാണങ്ങൾക്കായി 5കോടിയുമാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. വേതനവർദ്ധനയോ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങളോ മന്ത്രിയുടെ പ്രഖ്യാപനങ്ങളില്ല. ജില്ലയിലെ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ കയർ വ്യവസായത്തിന്റെ കേന്ദ്രമാണ് .ഭരണകക്ഷിയിലേതടക്കം കയർ മേഖലയിലെ ട്രേഡ് യൂണിയനുകൾ പ്രത്യക്ഷ സമരരംഗത്തിറങ്ങാൻ നിർബന്ധിതരായതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
പ്രതീക്ഷ ടൂറിസത്തിൽ
ടൂറിസം മേഖലയിൽ കേന്ദ്ര ബഡ്ജറ്റിന് പിന്നാലെ സംസ്ഥാനവും തുക വകയിരുത്തുകയും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തത് ആലപ്പുഴയ്ക്ക് ഉണർവേകും
ഹെലി ടൂറിസം , സീപ്ളെയ്ൻ പദ്ധതി, ചാമ്പ്യൻസ് ബോട്ട് ലീഗ് എന്നിവയെല്ലാം പരാമർശിക്കുകയും ഓരോന്നിനും തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്
വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യമെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച കെഹോംസെന്ന പുതിയ പദ്ധതിയും ആലപ്പുഴയ്ക്ക് സുപ്രധാനമാണ്
കെ.എസ്.ഡി.പിക്ക് 20കോടി
തോട്ടപ്പള്ളി സ്പിൽവേയിലെ മണ്ണും എക്കലും നീക്കം ചെയ്ത് ആഴംകൂട്ടാൻ 10കോടി
കെ.എസ്.ഡി.പിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 20 കോടി
അരൂർ മേഖലയിൽ വേമ്പനാട്ട് കായലിന്റെ ആഴംകൂട്ടാൻ 10കോടി
തീരദേശമേഖലയിൽ ജിയോട്യൂബ് സ്ഥാപിക്കൽ, തുറമുഖ വികസനം
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികൾ
സമഗ്രപച്ചക്കറി, നാളികേരകൃഷി വികസനം, തീരദേശ ഹൈവേ, മത്സ്യബന്ധനം, തീരദേശ സംരക്ഷണം എന്നിവയ്ക്ക് പദ്ധതികൾ
കനാൽ നവീകരണം,സഹകരണ സ്പിന്നിംഗ് മില്ലുകൾക്കുളള ധനസഹായം,സാഗർമാല പദ്ധതി പ്രകാരമുള്ള ധനസഹായ പദ്ധതികൾ
മറ്റ് അഞ്ച് നഗരങ്ങൾക്കൊപ്പം ആലപ്പുഴ നഗരവികനത്തിനുളള പദ്ധതി
ആലപ്പുഴ മെഡിക്കൽ കോളേജിലെ ആധുനിക കാത്ത് ലാബ്, ഇന്റർവൻഷണൽ റേഡിയോളജി എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം
മാവേലിക്കര, തകഴി ബുദ്ധ പ്രതിമകളുടെ സംരക്ഷണത്തിനായി 5 കോടി
കുട്ടനാടിന് 100കോടി
നെല്ലിന്റെ താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബഡ്ജറ്റിൽ ആശാവഹമായൊന്നും ഉണ്ടായില്ലെങ്കിലും കുട്ടനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 100കോടി രൂപയുടെ പ്രഖ്യാപനത്തിലാണ് നാടിന്റെ പ്രതീക്ഷ. കുടിവെള്ള വിതരണത്തിനുൾപ്പെടെയുള്ള സാമ്പത്തിക പദ്ധതികളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. 57 കോടിരൂപയാണ് ജലവിതരണ പദ്ധതികൾക്കുള്ളത്. രണ്ടാം കുട്ടനാട് പാക്കേജിനെ അവസാന ബഡ്ജറ്റിലും കൈവിട്ടതിൽ കർഷകർക്ക് നിരാശയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |