മുംബയ്: ഇന്ത്യയിലെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് കാഞ്ചൻ ചൗധരി ഭട്ടാചാര്യ (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രി മുംബയിൽ വച്ചാണ് മരണം സംഭവിച്ചത്. കാഞ്ചൻ ചൗധരി ഭട്ടാചാര്യ ആറ് മാസത്തോളമായി മുംബയ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് മരണശേഷം സംസ്ഥാന പൊലീസ് ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഹിമാചൽ പ്രദേശിൽ ജനിച്ച കഞ്ചൻ ചൗധരി, കിരൺ ബേദിക്കുശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്നു. 1973 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഭട്ടാചാര്യ, 2004 ൽ ഉത്തരാഖണ്ഡിലെ ഡി.ജി.പിയായി ചുമതലയേറ്റതോടെ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. 2007 ഒക്ടോബർ 31 ന് ഡി.ജിപി.യായി വിരമിച്ചു.
ഔദ്യോഗിക ജീവിതത്തിന് ശേഷം 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയം രുചിക്കേണ്ടിവന്നു. 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സി.ഐ.എസ്.എഫ്) ഇൻസ്‌പെക്ടർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1997 ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. പൊലീസ് ജീവിതത്തിലെ മികച്ച സേവനത്തിനുള്ള രാജീവ് ഗാന്ധി അവാർഡും ലഭിച്ചിട്ടുണ്ട്. കാഞ്ചൻ ചൗധരിയായിരുന്നു 2004 ൽ മെക്സിക്കോയിൽ നടന്ന ഇന്റർപോൾ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻ സയ്യിദ് മോദിയുടെ കൊലപാതകം, റിലയൻസ്-ബോംബെ ഡൈയിംഗ് കേസ് എന്നിങ്ങനെയുള്ള ശ്രദ്ധേയമായ കേസുകളും ഭട്ടാചാര്യ കൈകാര്യം ചെയ്തു. സഹോദരി കവിത ചൗധരി സംവിധാനം ചെയ്ത ഉദാൻ എന്ന ദൂരദർശൻ പരമ്പരയിലും അതിഥി വേഷം ചെയ്തു. കാഞ്ചൻ ഭട്ടാചാര്യയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ പരമ്പര.
“ലളിത്യമുള്ള വ്യക്തിയായിരുന്നു ഭട്ടാചാര്യയെന്ന് ഉത്തരാഖണ്ഡ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. മൃതദേഹം മുംബൈയിൽ സംസ്‌കരിക്കുമെന്നും ചൊവ്വാഴ്ച വൈകുന്നേരം പൊലീസ് ആസ്ഥാനത്തുവച്ച് ആദരാഞ്ജലി അർപ്പിക്കുമെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു. കാഞ്ചൻ ചൗധരി ഭട്ടാചാര്യയ്ക്ക് ഭർത്താവും രണ്ട് പെൺമക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |