തിരുവനന്തപുരം:തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതിനാൽ ആനുകൂല്യങ്ങൾ കൈയയച്ച് തരുമെന്ന് സർക്കാർ ജീവനക്കാർ പ്രതീക്ഷിച്ചെങ്കിലും കാര്യമായിഒന്നുമുണ്ടായില്ല. കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച വൻആദായനികുതി ഇളവും കൂടിയാകുമ്പോൾ ഡബിൾ ധമാക്കയാണ് അവർ സ്വപ്നം കണ്ടത്.
ശമ്പളപരിഷ്ക്കരണ കുടിശികയിൽ രണ്ടു ഗഡു പ്രൊവിഡന്റ് ഫണ്ടിലേക്ക് മാറ്റും. ഇതു രണ്ടായിരം കോടിവരും.
നേരത്തെ അനുവദിച്ച ഡി.എയുടെ രണ്ടുഗഡു പിൻവലിക്കാനുള്ള ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തികവർഷം ഒഴിവാക്കും.ആറ് ഗഡു ഡി.എ.കുടിശികയിൽ ഒരെണ്ണം ഏപ്രിലിൽ നൽകും. ഭവനവായ്പയുടെ പലിശയിൽ രണ്ട് ശതമാനം ഇളവ് നൽകും.
പെൻഷൻപരിഷ്കരണ കുടിശികയുടെ അവസാന ഗഡുവായി 600 കോടി വിതരണം ചെയ്യും.
സാറ്റ്യൂട്ടറി പെൻഷൻ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചതേയില്ല.പങ്കാളിത്തപെൻഷന് പകരം അഷ്വേർഡ് പെൻഷൻ പരിഗണിക്കുമെന്ന പ്രഖ്യാപനം മാത്രം.കഴിഞ്ഞ ബഡ്ജറ്റിൽ ഏകീകൃതപെൻഷനാണ് വാഗ്ദാനം ചെയ്തത്.
കൂടുതൽ ആനുകൂല്യങ്ങളോടെ മെഡിസെപ്,സാറ്റ്യൂറ്ററിപെൻഷൻ,ലീവ് സറണ്ടർ .പണമായി ശമ്പളപരിഷ്ക്കരണ കുടിശിക, ഡി.എ.കുടിശിക തുടങ്ങിയവയെല്ലാം ജീവനക്കാർ പ്രതീക്ഷിച്ചു.
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണമായതെന്ന് വിശദീകരിച്ച ധനമന്ത്രി, അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചെന്നും ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ഉറപ്പ് നൽകിയതാണ് ഏക ആശ്വാസം.
ക്ഷാമബത്ത കുടിശിക
അപ്പോഴും ആറു ഗഡു
# ജീവനക്കാരുടെ ക്ഷാമബത്തയിൽ കുടിശികയുള്ള ആറു ഗഡുക്കളിൽ രണ്ടെണ്ണം ഈ വർഷം നൽകുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നത്. ഒന്നു നൽകാമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യപനം.ഈ വർഷം പുതിയ ഡി.എ.പ്രഖ്യാപനം കൂടി വരുന്നതോടെ ഏപ്രിലിൽ ഒരു ഗഡു നൽകിയാലും ആറ് ഗഡു കുടിശിക അവശേഷിക്കും.
# ശമ്പളപരിഷ്ക്കരണ കുടിശിക 4000കോടിയാണ്. രണ്ടുഗഡു നൽകുമെങ്കിലും പി.എഫിലേക്ക് മാറ്റുന്നതിനാൽ അടുത്തെങ്ങും കൈയിൽ കിട്ടില്ല. ശമ്പളപരിഷ്ക്കരണ കമ്മിഷനെ നിയോഗിക്കുന്നതിലും മൗനം. 2019 മുതൽ മുൻകാല പ്രാബല്യത്തോടെ 2021ലാണ് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്ക്കരണമെന്ന കീഴ്വഴക്കമനുസരിച്ച് 2024ൽ പുതിയ ശമ്പളസ്കെയിൽ വരണം.
# മെഡിസെപ് തുടരുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് മാത്രമാണ് ബഡ്ജറ്റിലുള്ളത്.ലീവ് സറണ്ടർ പുനരാരംഭിക്കുന്നതിനെ കുറിച്ച് മിണ്ടിയതുമില്ല. നാലുവർഷമായി ആർജ്ജിതാവധി സറണ്ടർ ചെയ്യാൻ അനുവദിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |