മലപ്പുറം: എം.ടി. വാസുദേവൻ നായരുടെ സ്മരണകൾ നിലനിറുത്താൻ തിരൂർ തുഞ്ചൻപറമ്പിനോട് ചേർന്ന് എം.ടി സ്മാരകം നിർമ്മിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ തുക അനുവദിച്ചു. മലയാള ഭാഷയുടെ ചരിത്രത്തിനും സ്മാരകത്തിനും പ്രാധാന്യം നൽകുന്നതും എം.ടിയുടെ ജീവിതവും കൃതികളും സംഭാവനകളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധമുള്ള പഠനകേന്ദ്രമാകും സ്ഥാപിക്കുക. അതിനായി ആദ്യഘട്ടത്തിൽ അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ എഫ്.വൈ.യു.ജി.ഒ കെട്ടിട നിർമ്മാണം, വിദ്യാർത്ഥിനികൾക്കായുള്ള ഹോസ്റ്റൽ നിർമ്മാണം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് 11.35 കോടി വകയിരുത്തി. കൂടാതെ, കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പ്രവർത്തനങ്ങൾക്ക് 33.80 കോടിയും വകയിരുത്തി.
കൂടാതെ, മലപ്പുറത്തെ പരിഗണിച്ച ചില പദ്ധതികൾക്ക് മറ്റ് ജില്ലകൾക്ക് കൂടി ചേർത്താണ് തുക വകയിരുത്തിയത്. മഞ്ചേരിയുൾപ്പെടെ അഞ്ച് മെഡി.കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിത ഇമേജിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടിയാണ് വകയിരുത്തിയത്. പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലമ്പൂർ, പെരിയാർ, ആനമുടി, വയനാട് ആന സങ്കേതങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 3.50 കോടി രൂപ വകയിരുത്തി. പൊന്നാനി, തുറമുഖങ്ങളുടെ വികസനത്തിനായി തുക വകയിരുത്തിയിട്ടുണ്ട്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിക്കാനു തുക വകയിരുത്തി.
വേങ്ങര ഫയർ സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ മൂന്ന് കോടിയുടെ ഭരണാനുമതിക്ക് വേണ്ടി ബഡ്ജറ്റിൽ തുക വകയിരുത്തി. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ട് വരുന്ന വേങ്ങര റവന്യു ടവറിന് എട്ട് കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമാകും. അരീക്കോട്- പരപ്പനങ്ങാടി റോഡിൽ കൊളപ്പുറത്ത് ഏറെ കാലത്തെ ആവശ്യമായിരുന്ന ഡ്രൈനേജ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നും താഴെ പറയുന്ന പ്രധാന പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അറിയിച്ചു. വേങ്ങര മിനി സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കൽ (7.5 കോടി ), വേങ്ങര ഫയർ സ്റ്റേഷൻ കെട്ടിടം (2.60കോടി), കിളിനക്കോട് -മിനി റോഡ്, കൂരിയാട് -പനമ്പുഴ റോഡ് (4.9 കോടി). ടിപ്പു സുൽത്താൻ റോഡ് -ബി.എം.ബി.സി ചെയ്യൽ (3 കോടി ), കൊളപ്പുറം എൻ.എച്ച് ഓവർ പാസ് നിർമ്മാണം (എട്ട് കോടി ). മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ (20 കോടി ). മറ്റത്തൂരിൽ കടലുണ്ടിപ്പുഴക്ക് കുറുകെ ചെക്ക് ഡാം ( 10 കോടി), ഒതുക്കങ്ങൽ പുത്തൂർ ബൈപാസിൽ നടപ്പാത (നാല് കോടി ), വലിയോറ തേർക്കയം പാലം (24 കോടി ), ആട്ടീരി പാലം നിർമ്മാണം (28 കോടി ), വേങ്ങര-എടരിക്കോട് റോഡ് ബി.എം.ബി.സി (നാല് കോടി ), വേങ്ങരയിൽ ഫ്‌ളൈ ഓവർ (50 കോടി ), പറപ്പൂർ ഹോമിയോ ഹോസ്പിറ്റലിന് കെട്ടിടം (രണ്ട് കോടി ), ഒതുക്കുങ്ങൽ- പാണക്കാട് റോഡ് ബി.എം.ബി.സി (അഞ്ച് കോടി ), ഒതുക്കുങ്ങൽ എഫ്.എച്ച്.സി കെട്ടിടം (ഒരു കോടി ), ഏനാവൂർ പാടത്ത് തരിപ്പയിൽ വി.സി.ബി നിർമ്മാണം (ഒരു കോടി ), വേങ്ങര ആയുർവേദ ഹോസ്പിറ്റലിന് പേ വാർഡ് നിർമ്മാണം (നാല് കോടി ), കണ്ണമംഗലം ഹോമിയോ ആശുപത്രിക്ക് കെട്ടിടം (രണ്ട് കോടി ), മലപ്പുറം -പരപ്പനങ്ങാടി റോഡിൽ കാരത്തോട് മുതൽ കൂരിയാട് വരെ ബിഎം ബിസി (ഏഴ് കോടി ). കണ്ണമംഗലം പഞ്ചായത്തിൽ വ്യവസായ പാർക്ക് (മൂന്ന് കോടി), ഊരകം ഹോമിയോ ആശുപത്രി ( ഒരു കോടി ), കണ്ണമംഗലം എഫ്.എച്ച്.സി ( ഒരു കോടി ), കുന്നുംപുറം എഫ്.എച്ച്.സി ഒ.പി ബ്ലോക്ക് ( ഒരു കോടി ), കോട്ടക്കൽ പുത്തൂർ ബൈ പാസ് സൗന്ദര്യവൽക്കരണം ( രണ്ട് കോടി ), ഒതുക്കുങ്ങൽ ടൗൺ സൗന്ദര്യവൽക്കരണം ( രണ്ട് കോടി ). മഞ്ഞമാട് മുതൽ ബാക്കിക്കയം വരെ കടലുണ്ടിപ്പുഴക്ക് സൈഡ് ഭിത്തി ( മൂ കോടി ), ചേറൂർ തോട് നവീകരണം ( രണ്ട് കോടി ), അധികാരത്തൊടി കുറ്റാളൂർ ബിഎം ബിസി ( മൂന്ന് കോടി), അരീക്കോട്-പരപ്പനങ്ങാടി റോഡിൽ കൊളപ്പുറത്ത് ഡ്രൈനേജ് ( ഒരു കോടി) അനുവദിച്ചിട്ടുണ്ട്.
പ്രധാനമായും ലഭിച്ചത്
എം.ടി സ്മാരകം - അഞ്ച് കോടി
മലയാളം സർവകലാശാല- 11.35 കോടി
കാലിക്കറ്റ് സർവകലാശാല-33.80 കോടി
പൊന്നാനി തുറമുഖ വികസനം
മഞ്ചേരി മെഡിക്കൽ കോളേജ് വികസനം
നിലമ്പൂർ ആന സങ്കേത വികസനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |