ന്യൂഡൽഹി: ശക്തികേന്ദ്രമായ ഡൽഹിയിലെ ദാരുണ പതനത്തിൽ ഉലഞ്ഞ ആംആദ്‌മി പാർട്ടിയുടെ പഞ്ചാബിലെ സർക്കാരും പ്രതിസന്ധിയിൽ. സർക്കാരിനെ വീഴ്‌ത്താൻ കോൺഗ്രസും ബി.ജെ.പിയും ശ്രമം തുടങ്ങി. അസംതൃപ്‌രായ 30 ആംആദ്‌മി എം.എൽ.എമാർ തങ്ങളുമായി ചർച്ചയിലാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ സുഖ്‌ജിന്ദർ സിംഗ് രൺധാവയാണ് ഇക്കാര്യം പറഞ്ഞത്.
പിളർപ്പ് തടയാൻ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഇന്ന് എം.എൽ.എമാരെ കാണും. പഞ്ചാബിൽ പ്രതിസന്ധിയില്ലെന്നും ഡൽഹി തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ എം.എൽ.എമാരുള്ള യോഗം മുൻനിശ്ചയിച്ചതാണെന്നുമാണ് എ.എ.പി വിശദീകരണം.
117 അംഗ മന്ത്രിസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 59. കക്ഷി നില: എ.എ.പി 92, കോൺഗ്രസ് 18, ശിരോമണി അകാലിദൾ 3, ബി.ജെ.പി 1, ബി.എസ്.പി 1
കേജ്‌രിവാളിന്റെ വിശ്വസ്‌തനായ ഭഗവന്ത് സിംഗ് മാനുമായി ഭിന്നതയുള്ള നേതാക്കൾ കലാപം തുടങ്ങിയെന്നാണ സൂചന. മിക്കവരും കോൺഗ്രസിൽ നിന്ന് ചേക്കേറിയവർ. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എ.എ.പി ദുർബലമായാൽ കോൺഗ്രസിനും ബി.ജെ.പിക്കുമാണ് നേട്ടം. 2022ൽ കോൺഗ്രസിനെ തോൽപ്പിച്ചാണവർ ഭരണം പിടിച്ചത്.
പാർട്ടി ദുർബലമായെന്ന ആശങ്കയിൽ പഞ്ചാബിലെ എ.എ.പി എം.എൽ.എമാർ ഭാവിയുറപ്പിക്കാൻ നീക്കം തുടങ്ങിയെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു.
കേജ്‌രിവാൾ പഞ്ചാബ് മുഖ്യൻ?
അഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ അരവിന്ദ് കേജ്‌രിവാൾ പഞ്ചാബ് ഘടകത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ഹരിയാന സ്വദേശിയായ കേജ്‌രിവാളിന് പഞ്ചാബിലും നല്ല പിന്തുണയുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട ലുധിയാന(വെസ്റ്റ് ) മണ്ഡലത്തിൽ മത്സരിച്ച് മുഖ്യമന്ത്രിയാകാനാണ് കേജ്‌രിവാൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ്.
ഭഗവന്ത് സിംഗ് മാനിന് അധികകാലമില്ല. ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകും. കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കും. എ.എ.പി എം.എൽ.എമാർ എല്ലാ പാർട്ടികളുമായും ബന്ധപ്പെടുന്നുണ്ട്
- സുഖ്ജീന്ദർ സിംഗ് രൺധാവ,
കോൺഗ്രസ് എം.പി
ഡൽഹിയിൽ തുടർച്ചയായ മൂന്നാം തവണയും സംപൂജ്യരായ പാർട്ടിയാണ് എ.എ.പിയുടെ കാര്യത്തിൽ ആവലാതിപ്പെടുന്നത്. 2027 ലെ തിരഞ്ഞെടുപ്പിൽ പഞ്ചാബിലും അത് സംഭവിക്കും
- നീൽ ഗാർഗ്, എ.എ.പി പഞ്ചാബ് വക്താവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |