ഇരകൾ 6 ഒന്നാംവർഷക്കാർ
5 സീനിയേഴ്സ് റിമാൻഡിൽ
കോട്ടയം: നഗ്‌നരാക്കി കട്ടിലിൽ കെട്ടിയിടും. സ്വകാര്യ ഭാഗത്ത് ഡമ്പൽ തൂക്കും. കോമ്പസ് ഉപയോഗിച്ച് ശരീരമാകെ വരഞ്ഞ് ലോഷൻ ഒഴിക്കും...
ഗാന്ധിനഗർ ഗവ. നഴ്‌സിംഗ് കോളേജ് ബോയ്‌സ് ഹോസ്റ്റലിൽ റാഗിംഗ് എന്നപേരിൽ ഒന്നാംവർഷക്കാരായ ആറു പേർ നേരിട്ടത് അതിക്രൂര പീഡനം. അറസ്റ്റിലായ അഞ്ച്സീനിയർ വിദ്യാർത്ഥികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് മർദ്ദനമുറകൾക്ക് ഇരയാക്കുന്നത്. മദ്യം വാങ്ങാൻ 800 രൂപ നൽകണം. ഇല്ലെങ്കിൽ മർദ്ദിച്ചവശരാക്കി തട്ടിപ്പറിക്കും. രാത്രി മദ്യപിച്ചെത്തി പുതിയ മർദ്ദനമുറകൾ തുടങ്ങും.
ക്ലാസ് ആരംഭിച്ച നവംബർ നാല് മുതൽ മർദ്ദനം പതിവാണെന്ന് കുട്ടികൾ പറഞ്ഞു. ജനറൽ നഴ്സിംഗ് ഒന്നാംവർഷ ബാച്ചിൽ ആറ് ആൺകുട്ടികളേയുള്ളൂ. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരും ഇടുക്കിയിൽ നിന്നുള്ള ഒരാളുമാണ് ഇരകൾ.
മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി കച്ചേരിപ്പടി റിജിൽജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണത്തിന് കമ്മിഷനെ വച്ചതായി കോളേജ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പണം നൽകാത്തതിന് മർദ്ദനമേറ്റ വിദ്യാർത്ഥി മാതാപിതാക്കളെ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. മൂന്നുപേർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
നഗ്നവീഡിയോ ഭയന്ന്
പുറത്തു പറഞ്ഞില്ല
രാത്രി നിർബന്ധിച്ച് മദ്യം നൽകി നഗ്നവീഡിയോ എടുക്കുന്നത് പ്രതികളുടെ സ്ഥിരം ഹോബി. വീഡിയോ പുറത്തായാൽ പഠനം നിലയ്ക്കുമെന്ന് ഭയന്നാണ് എല്ലാം സഹിച്ചത്. ശനി, ഞായർ ദിവസങ്ങളിലായിരുന്നു കൊടുംപീഡനം.
ചൊവ്വാഴ്ച രക്ഷിതാവ് പറയുമ്പോഴാണ് അറിയുന്നത്. പരാതി ജില്ലാ പൊലീസ് മേധാവിക്കും എസ്.എച്ച്.ഒയ്ക്കും കൈമാറി. ആന്റി റാഗിംഗ് കമ്മിറ്റിയും സ്‌ക്വാഡുമുണ്ട്
-ഡോ.ലിനി ജോസഫ്
പ്രിൻസിപ്പൽ ഇൻ - ചാർജ്
പ്രതികളുടെ ഫോണിൽ നിന്ന് നടുക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നഗ്‌നരാക്കി വീഡിയോ ചിത്രീകരിച്ചതിന് പ്രത്യേക കേസുണ്ട്
-ടി.ശ്രീജിത്ത്,
എസ്.എച്ച്.ഒ,ഗാന്ധിനഗർ സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |