തൃശൂർ: ചെറുപ്രായത്തിലെ നാടൻപാട്ടിനെ നെഞ്ചേറ്റിയ അനയ് കൃഷ്ണ (12) രണ്ട് വർഷത്തിനുള്ളിൽ പിന്നിട്ടത് നൂറിലേറെ വേദികൾ. നടവരമ്പ് ഗവ. ഹയർ സെക്കഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനയുടെ പാട്ടുകളെല്ലം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. 'തൃശൂർ പൂരൊരു പൂരാടി പെണ്ണേ പാറമേക്കാവാരൊരു കാവേ... പാറമേക്കാവിലെ പൂരം നടക്കുമ്പോൾ കണ്ടടി ഞാനൊരു നോട്ടം' എന്ന അനയുടെ പാട്ട് ഇതിനകം ലക്ഷക്കണക്കിന് പേർ ഏറ്റെടുത്തു.
ഒന്നാം ക്ലാസ് മുതലാണ് അനയ് ആദ്യമായി നാടാൻപാട്ട് രംഗത്ത് കാലെടുത്ത് വയ്ക്കുന്നത്. തുടർന്ന് അഞ്ചാം ക്ലാസിൽ നന്നായി പാടിത്തുടങ്ങിയ അനയ് 2024ലാണ് അച്ഛൻ മനോജും സഹോദരങ്ങളും അടങ്ങുന്ന നാടൻപാട്ട് സംഘത്തിൽ സജീവമായത്. ഇപ്പോൾ കൊറ്റനെല്ലൂർ സമയ കലാഭവൻ നല്ലമ്മ നാടൻപാട്ട് സംഘത്തിലെ നിറസാന്നിദ്ധ്യമാണ്.
പാട്ടിന് പുറമേ നാടൻപാട്ടിലെ വാദ്യങ്ങളായ മരം,ചെണ്ട എന്നിവയിലും മിടുക്കനായ അനയ് സീസൺ കാലമായതോടെ പഠനത്തിനൊപ്പം വേദികളിൽ നിന്ന് വേദികളിലേക്ക് സഞ്ചരിക്കുകയാണ്.
നാടൻപാട്ട് കുടുംബം
കൊറ്റനെല്ലൂരിൽ കൂലിപ്പണിക്കാരനായ കുറുപ്പത്ത് കാട്ടിൽ മനോജിന്റെയും ശ്യാമയുടെയും മകനാണ് അനയ് കൃഷ്ണ. മനോജിന്റെ 17 അംഗ സംഘത്തിൽ സഹോദരങ്ങളായ വിനോജ്,ഷനോജ് എന്നിവർക്ക് പുറമെ ഷനോജിന്റെ ഭാര്യ അഖിലയുമുണ്ട്. സഹോദരൻ ആരവും ഈ രംഗത്തുണ്ട്.
ചെറുപ്പം മുതൽ അച്ഛനും അനുജൻമാരും പാടുന്നത് കേട്ടാണ് പഠിച്ച് തുടങ്ങിയത്. കലാഭവൻ മണിച്ചേട്ടന്റെ പാട്ടുകളാണ് ഇഷ്ടം.
-അനയ് കൃഷ്ണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |