കണ്ണൂർ: കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വനത്തിൽ നിന്നും തോട്ടത്തിൽ നിന്നും തദ്ദേശസ്ഥാപനങ്ങളുടെയും വനംവകുപ്പിന്റെയും അനുമതിയില്ലാതെ വ്യാപകമായി മരം കടത്തുന്നത് മരവ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയതായി പ്ലൈവുഡ വ്യവസായികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
75 എച്ച്.പി യന്ത്രങ്ങൾ ഉപയോഗിച്ച് കാസർകോട്, മൈലാട്ടി, കുമ്പള, നീലേശ്വരം, തളിപ്പറമ്പ്, പൂനം എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി മരംമുറിച്ച് തോലുപൊളിച്ച് കടത്തുന്നതായാണ് ഇവർ ആരോപിക്കുന്നത്. ഇത്തരത്തിൽ ദിവസേന 1,000 ടണ്ണോളം മരമാണ് അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്.
ഇതോടെ കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലായി പ്രവർത്തിക്കുന്ന 140 ഓളം പ്ലൈവുഡ് ഫാക്ടറികളും ഇരുന്നൂറോളം ഡോർ ഫ്രെയിം, പീലിംഗ് യൂനിറ്റുകളും പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ പേപ്പർ വ്യവസായത്തിനായാണ് അധികൃതരെ നോക്കുകുത്തിയാക്കി മരംമുറിച്ചു കടത്തുന്നത്.
ഇതിൽ പ്രതിഷേധിച്ചും സർക്കാരിന് വിവിധയിനങ്ങളിൽ നികുതി നൽകി പ്രവർത്തിക്കുന്ന ഈ വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ഇന്നു രാവിലെ പത്തിന് കണ്ണോത്തുംചാലിലെ ഫോറസ്റ്റ് ഓഫീസിലേക്ക് ഫാക്ടറി പ്രവർത്തനങ്ങൾ നിർത്തിവച്ച് നോർത്ത് മലബാർ പ്ലൈവുഡ് ആൻഡ് ഡോർസ് മാനുഫാക്‌ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ടി.പി നാരായണൻ, ടി.പി വാസുദേവൻ, ബി.പി ഗഫൂർ, ടി.വി മജീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |