തൃശൂർ: മാസങ്ങൾക്ക് മുൻപ് അടച്ച കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് ഗതാഗതയോഗ്യമാക്കത്തതിൽ വെട്ടിലായി വ്യാപാരികൾ. ഗതാഗതം സുഗമമല്ലാത്തതിനാൽ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. കൂർക്കഞ്ചേരി മുതൽ മെട്രോ ആശുപത്രി വരെയുള്ള ഭാഗം തുറന്നുകൊടുത്തെങ്കിലും മെട്രോ മുതൽ കെ.എസ്.ആർ.ടി.സി റിംഗ് റോഡ് വരെയുള്ള ഭാഗം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കൂർക്കഞ്ചേരി പൂയാഘോഷത്തിന് മുൻപായി കൂർക്കഞ്ചേരി മുതൽ കൊക്കാലെ വരെയുള്ള ഭാഗം തുറക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഭാഗികമായി മാത്രമാണ് തുറന്നത്. ഉത്സവപരിപാടികൾക്കായി റോഡ് തുറന്നെങ്കിലും അടുത്ത ദിവസം വീണ്ടും അടച്ചു. കോൺക്രീറ്റിംഗ് പൂർത്തിയായെങ്കിലും കാനകളുടെ വശത്ത് മണ്ണിട്ട് ഉയർത്തുന്ന പണികൾ ഉൾപ്പെടെ മെട്രോ-കൊക്കാലെ ഭാഗത്ത് പൂർത്തിയാക്കാനുണ്ട്. ഈയാഴ്ച റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്നാണ് കോർപറേഷൻ അധികൃതരുടെ പ്രതീക്ഷ.
വെളിയന്നൂർ റോഡ് വൈകും
കൊക്കാലെയ്ക്കും കെ.എസ്.ആർ.ടി.സി റിംഗ് റോഡിനും ഇടയിലുള്ള വെളിയന്നൂർ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും. കാനയുടെ നിർമ്മാണം പൂർത്തിയാകാത്തതാണ് കാരണം. നാലു മാസത്തോളമായി ഈ പ്രദേശത്തെ വ്യാപാരികൾ കൂടുതൽ പ്രതിസന്ധിയിലാണ്. ഇരുവശത്തുനിന്നും വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാതെ വന്നതോടെ 30 ഓളം വ്യാപാരികളാണ് കടക്കെണിയിലായത്. പലചരക്ക്, ഹോട്ടലുകൾ, മെഡിക്കൽ ഷോപ്പുകൾ, കാർ ആക്‌സസറീസ്, ടെയ്‌ലറിംഗ് ഉൾപ്പെടെയുള്ള ഷോപ്പുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിനിടെ പൊടിശല്യം രൂക്ഷമാകുന്നത് വ്യാപാരികൾക്ക് ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
കുറുപ്പം റോഡിലെ വ്യാപാരികളും
പൂരത്തിന് മുൻപ് കുറുപ്പം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പൊളിച്ചതോടെ ഇവിടെയുള്ള വ്യാപാരികളും പ്രതിസന്ധിയിലാണ്. പൊടിശല്യവും രൂക്ഷമാണ്. എന്നാൽ കുറുപ്പം റോഡിലേക്ക് ചെമ്പോട്ടിൽ ലൈനിൽ നിന്നും മാരാർ റോഡിൽ നിന്നും എത്താമെന്നതിനാൽ കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ല.
കോൺക്രീറ്റിനടിയിൽ കുടിവെള്ള പൈപ്പ്
പീച്ചിയിൽ നിന്നും കൂർക്കഞ്ചേരിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈൻ പോകുന്നത് പുതിയ കോൺക്രീറ്റ് റോഡിന് അടിയിലൂടെ. കൂർക്കഞ്ചേരിയിൽ നിന്നും കണ്ണംകുളങ്ങര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് ഈ പൈപ്പ് വഴിയാണ്. പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഇത് തടസമാകും.
പത്തുകോടി രൂപയ്ക്ക് ബി.എം.ബി.സി റോഡ് വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. അതിനും പത്തുവർഷം ലൈഫുണ്ടാകും. കോൺക്രീറ്റ് റോഡിൽ സഞ്ചരിക്കുമ്പോൾ കൂടുതൽ ജെർക്കിംഗ് ഉണ്ടാകുന്നുണ്ട്.വനോദ് പൊള്ളാഞ്ചേരി, കൊക്കാലെ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |