കൊച്ചി: കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെയും തൊഴിലാളി സംഘടനാ രംഗത്തെയും നിറസാന്നിദ്ധ്യമായിരുന്ന പി. രാജുവിന്റെ വേർപാടിലൂടെ മാഞ്ഞത് ജില്ലയിലെ സി.പി.ഐയുടെ ജനകീയ മുഖം. വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തും മുമ്പേ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം രാജുവിൽ അലിഞ്ഞു ചേർന്നിരുന്നു. പറവൂർ നിയോജക മണ്ഡലം മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന എൻ. ശിവൻപിള്ളയുടെ മകനായ രാജു അച്ഛന്റെ പാതയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്നിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു.
യുവജന പ്രസ്ഥാനത്തിലെ പ്രവർത്തന പരിചയത്തിന്റെ കരുത്തുമായി പാർട്ടിയിലെത്തിയ അദ്ദേഹം പാർട്ടിക്കുള്ളിലെ വർഗബഹുജന സംഘടനകളുമായി ഇഴചേർന്ന് പ്രവർത്തിച്ചു.
എ.ഐ.ടിയു.സി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ തുടങ്ങിയവയിലൂടെ തൊഴിലാളികളോട് കൂടുതൽ അടുത്തു. ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സജീവമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 90കളുടെ തുടക്കത്തിൽ പാർട്ടി സംസ്ഥാന കൗൺസിലിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടു വട്ടം എം.എൽ.എ
അച്ഛന്റെ മണ്ഡലത്തിൽ നിന്ന് തന്നെ 1991, 96 വർഷങ്ങളിൽ മത്സരിച്ച് മികച്ച വിജയം നേടി. നിയമസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതിയും നേടി. തീരദേശവുമായി ബന്ധപ്പെട്ടും പട്ടയ ഭേദഗതി സംബന്ധിച്ചും രാജു നിയമസഭയിൽ അവതരിപ്പിച്ച ബില്ലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് വന്ന സർക്കാർ പട്ടയഭേദഗതി വരുത്തിയത് ഈ ബില്ലിന്റെ ചുവടുപിടിച്ചായിരുന്നു. 1998- 2001 കാലത്ത് നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാനായിരുന്നു.
പറവൂരിലെ ഗവ. ആശുപത്രിയെ മികവിലേക്ക് ഉയർത്തിയതും റവന്യൂ ടവർ നിർമ്മാണത്തിത്തിന് തുടക്കം കുറിച്ചതും ഏഴിക്കര- കൈതാരം ബൈപ്പാസ്, പറവൂർ മിനി സിവിൽ സ്റ്റേഷൻ, കരിപ്പായിക്കടവ് പാലം തുടങ്ങിയ വികസന പദ്ധതികളും പി. രാജുവിന്റെ കാലത്തായിരുന്നു.
തിരിച്ചുവരവിനൊരുങ്ങവേ വിടവാങ്ങൽ
മൂന്ന് വർഷം മുമ്പ് അർബുദ ബാധയുണ്ടായപ്പോഴും ഇതിനു പിന്നാലെ ജില്ലയിലെ പാർട്ടിയിലുണ്ടായ കടുത്ത വിഭാഗീയതയും സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സ്ഥാനചലനവുമൊന്നും രാജുവിലെ പോരാളിയെ തളർത്തിയിരുന്നില്ല. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തെ തുടർന്നും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചും പാർട്ടി രാജുവിനുമേൽ അച്ചടക്ക നടപടിയെടുത്തപ്പോഴും തെല്ലും പിന്നോട്ട് പോയില്ല. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ അച്ചടക്ക നടപടിയിലെ പിശകുകളും തന്റെ ഭാഗവും കൺട്രോൾ കമ്മിഷനു മുന്നിൽ വിശദീകരിച്ചു. ഒടുവിൽ കൺട്രോൾ കമ്മിഷൻ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടിന്റെ വ്യാപ്തി തീരെ കുറവാണെന്ന് കണ്ടെത്തിയതിനേത്തുടർന്ന് അച്ചടക്ക നടപടി റദ്ദാക്കുന്നതിൽ ആലോചന നടക്കവേയാണ് പി. രാജുവിന്റെ വിടവാങ്ങൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |