വൈപ്പിൻ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസുമായി അഞ്ചാം ക്ലാസുകാരി ഗൗരികൃഷ്ണ. പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ എങ്ങിനെ പഠിക്കണമെന്നതിനെപ്പറ്റി വിശദമായൊരു ക്ലാസാണ് എടവനക്കാട് എസ്. ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂളിലെ ഈ കൊച്ചുമിടുക്കി പറഞ്ഞു കൊടുത്തത്. ഒരു കുഞ്ഞനിയത്തിയുടെ ലാഘവത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് സംസാരിക്കുന്ന പ്രാസംഗിക പത്താം ക്ലാസുകാരുടെ കൈയടി നേടി.
ക്ലാസിനിടെ സംസാരിച്ച ചേട്ടന്മാരെ ആരെയും കുഞ്ഞുഗൗരി വെറുതെ വിട്ടില്ല. അവരുടെ അടുത്ത് മൈക്കുമായി ചെന്ന് ചോദ്യങ്ങൾ ചോദിച്ച് 'വിറപ്പിച്ച' ശേഷമാണ് ക്ലാസ് തുടർന്നത്.
ഇംഗ്ലണ്ടിലുള്ള ബന്ധുക്കളോടും അവരുടെ സുഹൃത്തുക്കളോടും ഇംഗ്ലീഷിൽ സംസാരിച്ചാണ് ഉച്ചാരണശുദ്ധി നേടിയതെന്ന് മാതാപിതാക്കൾ പറയുന്നു. നായരമ്പലം പുതുപ്പറമ്പിൽ പി. കൃഷ്ണകുമാറിന്റെയും വി.പി. പ്രതിഭയുടെയും മകളാണ് ഗൗരികൃഷ്ണ.
ട്രിക്കുകളും ട്രിപ്സുകളും പങ്കുവച്ചു
എളുപ്പം പഠിക്കുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനുമുള്ള തന്റെ ടെക്‌നിക്കുകൾ പങ്കുവച്ചതോടെ അദ്ധ്യാപകരടക്കമുള്ള സദസിനെ ഗൗരി കൈയിലെടുത്തു.
പങ്കെടുക്കുന്ന പരിപാടികളിലെല്ലാം തനതായ അഭിപ്രായം രസകരമായി പങ്കുവയ്ക്കുന്നത് കണ്ടപ്പോഴാണ് കുട്ടിക്ക് ഇത്തരമൊരു അവസരം നൽകാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചത്. ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യോച്ചാരണത്തിലും പ്രസംഗത്തിലുമെല്ലാം ഈ പതിനൊന്നുകാരി കഴിവുതെളിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |