ആലപ്പുഴ: പാതിവിലതട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ക്രൈംബ്രാഞ്ചിലുള്ള കേസുകളുടെ അന്വേഷണത്തിനായി മുഖ്യപ്രതി അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ ചേർത്തല സി.ജെ.എം കോടതി മാർച്ച് നാലിന് പരിഗണിക്കും. ചേർത്തല, പൂച്ചാക്കൽ, കായംകുളം, ഹരിപ്പാട്, മുഹമ്മ, മാന്നാർ സ്റ്രേഷനുകളിൽ നിന്നായി കാൽക്കോടിയിലേറെ രൂപയുടെ തട്ടിപ്പിൽ 34 കേസുകളാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ മുന്നിലുള്ളത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു.
അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷമാകും അന്വേഷണം ഏത് രീതിയിൽ വേണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ജില്ലയിൽ തട്ടിപ്പിന് ചുക്കാൻ പിടിച്ചവരെയും സഹായികളെയും പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
പാതിവില തട്ടിപ്പിൽ ക്രൈംബ്രാഞ്ചും ഇ.ഡിയും അന്വേഷണം നടത്തുണ്ടെങ്കിലും പ്രതി അറസ്റ്റിലായശേഷം കേസിന്റെ തുടരന്വേഷണത്തിൽ സംസ്ഥാനത്ത് ആദ്യമായി ഫോർമൽ അറസ്റ്റ് നടത്തിയിരിക്കുന്നത് ആലപ്പുഴ ക്രൈംബ്രാഞ്ചാണ്.അതിനാൽ ആലപ്പുഴയിലെ അന്വേഷണത്തിന് ശേഷമാകും മറ്റിടങ്ങളിലേക്ക് അനന്തുകൃഷ്ണനെകൊണ്ടുപോകുക.വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ ആലപ്പുഴ ക്രൈംബ്രാഞ്ചിലെത്താനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |