പാലാ: ആത്മീയ അനുഭൂതി ''നാഡിപിടിച്ചു'' എന്തെന്നില്ലാത്തൊരാനന്ദം! ആ നിർവൃതിയുടെ നീരൊഴുക്കിൽ നിന്നപ്പോൾ ഡോ.വിഷ്ണു മോഹന്റെയും ഡോ. കൃഷ്ണപ്രിയയുടെയും മനസിലൊരു പവിത്രസ്പർശം. അതൊരു ഗാനമായി ഒഴുകി. ഉൾവിളിയിലെ മഹാകുംഭത്തിൽ നിന്നുള്ള സംഗീതാർച്ചന; ''ഹിമഭൂവിലാകെ ആരവമുയരുന്നു, ഹരഹര മന്ത്രങ്ങളൊഴുകുന്നു... ഗംഗയും യമുനയും സരസ്വതിനദിയും ഒന്നായി ചേരുമീ ഭൂവിലിന്ന്.....'' പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ നിന്നുയർന്ന ശംഖൊലി പോലൊരു ഗാനം മലയാളനാടാകെ പടർന്നു; മഹാകുംഭമേളയെ കേന്ദ്രീകരിച്ച് മലയാളത്തിലെ ആദ്യ ആൽബം പുറത്തിറങ്ങി. പിന്നിൽ ഡോക്ടർ ദമ്പതികളായ വിഷ്ണു മോഹനും ജി.കൃഷ്ണപ്രിയയും.
ഫെബ്രുവരി നാലിന് സപ്തമി തിഥിയിൽ അശ്വതിനാളിലെ ബ്രാഹ്മമുഹൂർത്തത്തിലാണ് ഇരുവരും പ്രയാഗ്രാജിലെ ത്രിവേണിസംഗമത്തിൽ പുണ്യം മുങ്ങിപ്പകർന്നെടുത്തത്. അപ്പോൾതന്നെ ഡോ.വിഷ്ണു മോഹൻ പറഞ്ഞു; ''കൃഷ്‌ണേ, കുംഭമേളയെക്കുറിച്ച് ആൽബമൊരുക്കണം. നീ പാടണം. സുഹൃത്തും ഗാനരചയിതാവ് അനിൽ തിരുവിഴയെ വിഷ്ണു വിളിച്ചു. അനുഭവങ്ങൾ പറഞ്ഞതോടെ പാട്ടു റെഡി. ബിജു ബെയ്ലി സംഗീതമൊരുക്കി. പ്രയാഗ്രാജിലെ ദൃശ്യങ്ങളുൾപ്പെടെ ചേർത്ത് ആൽബമായി.
ഇത് ആദ്യ അനുഭവം
ആദ്യമായാണ് സ്റ്റുഡിയോയിൽ ഡോ.കൃഷ്ണപ്രിയ പാടുന്നത്. ആൽബത്തിൽ പാടി അഭിനയിച്ചതും ഇവർതന്നെ.
പാലാ മാർസ്ലീവാ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നാച്ചുറോപ്പതി വിഭാഗം ഡോക്ടർമാരാണ് വിഷ്ണു മോഹനും കൃഷ്ണപ്രിയയും. നാഡി പിടിച്ചുനോക്കി രോഗനിർണയം നടത്തി മരുന്നുകൾകൊണ്ട് രോഗശാന്തിയേകുന്ന ചികിത്സാപുണ്യത്തിനുടമകൾ. കൃഷ്ണപ്രിയ സിദ്ധചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കോട്ടയം കല്ലറ ഭവാനിവാസ് കുടുംബാംഗമാണ് വിഷ്ണു മോഹൻ. റിട്ട.പട്ടാള ഉദ്യോഗസ്ഥനായ ടി.പി.മോഹന്റെയും റിട്ട.നഴ്സ് രേവമ്മയുടെയും മകൻ. ആലപ്പുഴ മുല്ലയ്ക്കൽ ഗീതാഞ്ജലിയിൽ റിട്ട.എസ്.ബി.ഐ. മാനേജർ എൻ.കെ.ശ്രീകുമാറിന്റെയും റിട്ട.അധ്യാപിക ഗീതാദേവിയുടെയും മകളാണ് കൃഷ്ണപ്രിയ. നാലുവയസുകാരൻ ശിവദർശും രണ്ടുവയസുകാരി വിഷ്ണുമായയുമാണ് മക്കൾ. എറണാകുളത്ത് ഡോക്ടർ പൾസ് എന്ന പേരിലും കല്ലറയിൽ നാഡീകേന്ദ്രമെന്ന പേരിലും ക്ലിനിക്കും നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |