മലപ്പുറം: പൊന്നാനി തുറമുഖ വികസനത്തിന് സാദ്ധ്യത തേടിയുള്ള നിക്ഷേപക സംഗമത്തിന് വ്യവസായികളിൽ നിന്ന് മികച്ച പ്രതികരണം. കേരള മാരിടൈം ബോർഡിനു കീഴിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പൊന്നാനി തുറമുഖത്തെ വാണിജ്യ, വിനോദസഞ്ചാര ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ മുന്നോടിയായാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.
കാക്കിനട പോർട്ട്, അൽഫത്താൻ മറൈൻ സർവീസ്, ഡി.പി വേൾഡ്, സൗരാഷ്ട്ര സിമന്റ്സ്, രാജധാനി മിനറൽസ്, അക്ബർ ട്രാവൽസ് തുടങ്ങിയ കമ്പനികളാണ് തുറമുഖ വികസനത്തിലും അനുബന്ധമായ ടൂറിസം നിക്ഷേപത്തിലും താല്പര്യം പ്രകടിപ്പിച്ച് സംഗമത്തിൽ പങ്കെടുത്തത്.
കേരള മാരിടൈം ബോർഡ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് നിക്ഷേപത്തിന് അവസരം നൽകുക. 30 മുതൽ 50 വർഷം വരെ കാലാവധിയിൽ നിക്ഷേപം നടത്താൻ താല്പര്യപ്പെടുന്ന നിക്ഷേപകർക്കാണ് അവസരം. പൊന്നാനി അഴിമുഖത്തിനോട് ചേർന്ന് 29.5 ഏക്കർ വരുന്ന ഭൂമി തുറമുഖ വികസനത്തിനും 1.5 ഏക്കർ ഭൂമി ടൂറിസം വികസനത്തിനും പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് തുറമുഖ വികസനം രൂപകൽപന ചെയ്യുന്നത്.
പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ള പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചു. പൊന്നാനി റൗബ ഹോട്ടലിൽ നടന്ന സംഗമത്തിൽ പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, സി.ഇ.ഒ ഷൈൻ ഹക്ക്, വിവിധ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സാദ്ധ്യതകളേറെ
തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ് വന്നു ചേർന്നിരിക്കുന്നത്.പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്. പ്രമുഖ വ്യവസായികൾ നിക്ഷേപം നടത്താൻ താല്പപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പി.നന്ദകുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |