2025 ലെ രാജ്യത്തെ 46 കേന്ദ്ര സർവകലാശാലകളടക്കമുള്ള 250 ഓളം സർവകലാശാലകളിലേക്കും, അവയ്ക്കു കീഴിലുള്ള കോളേജുകളിലേക്കുമുള്ള കോമൺ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ യു.ജി (CUET -UG) വിജ്ഞാപനം പുറത്തിറങ്ങി. മാർച്ച് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് 24 മുതൽ 26 വരെ അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയിൽ യു.ജി.സി, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിയിൽ കാലോചിതമായ പരിഷ്കാരങ്ങൾക്കുവേണ്ടി നിയോഗിച്ച രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾക്കനുസരിച്ചുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 8 മുതൽ ജൂൺ ഒന്നു വരെ നടക്കും. ഓരോ പേപ്പറിന്റെയും സമയം ഒരു മണിക്കൂറായിരിക്കും. ചോദ്യങ്ങൾക്ക് ചോയ്സ് ഇല്ല. ചോദ്യങ്ങളുടെ എണ്ണം 50 ആയിരിക്കും. ശരിയുത്തരത്തിന് അഞ്ച്മാർക്ക് ലഭിക്കും.തെറ്റായ ഉത്തരത്തിന് ഒരുമാർക്ക് കുറയും.ഓരോ പേപ്പറിന്റെയും മാർക്ക് 250 ആയിരിക്കും. വിദ്യാർത്ഥികൾക്ക് അഞ്ചു വിഷയങ്ങൾ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം. 13 ഭാഷകളിൽ ചോദ്യങ്ങളുണ്ടാകും. ആകെ വിഷയങ്ങൾ 37 ആയി കുറഞ്ഞിട്ടുണ്ട്. 23 ഡൊമൈൻ വിഷയങ്ങളും, ഒരു അഭിരുചി പരീക്ഷയുമുണ്ടാകും. പരീക്ഷയിൽ മൂന്ന് സെക്ഷനുകളിലായി ഭാഷ, വിഷയങ്ങൾ, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നിവയുമായി ബന്ധപ്പെട്ട ടെസ്റ്റുകളുമുണ്ടാകും. ഓൺട്രപ്രണർഷിപ്, ടീച്ചിംഗ്, ഫാഷൻ പഠനം, ടൂറിസം, നിയമം, എൻജിനിയറിംഗ് ഗ്രാഫിക്സ് എന്നിവയ്ക്കു അപേക്ഷകർ കുറവായാൽ ഇവയ്ക്ക് പ്രത്യേക അഭിരുചി പരീക്ഷയുണ്ടാകും.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് മൂന്ന് വിഷയം വരെ 1000 രൂപയാണ് അപേക്ഷ ഫീസ്. അതിനു ശേഷമുള്ള ഓരോ വിഷയത്തിനും 400 രൂപവീതം നൽകണം. ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് യഥാക്രമം 900 ഉം 375 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടിക വർഗ്ഗ, ഭിന്നശേഷി, ട്രാൻസ്‍ജെൻഡർ വിഭാഗക്കാർക്ക് യഥാക്രമം 800 ഉം 350 രൂപയുമാണ്. വിദേശത്തു നിന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത് 4500, 1800 രൂപ വീതമാണ്.
പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം.
13.47 ലക്ഷം വിദ്യാർത്ഥികളാണ് 2024 ൽ പരീക്ഷഎഴുതിയത്.പ്ലസ് ടു ഏതു ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഈ വർഷം എല്ലാ പരീക്ഷയുടെയും കാലയളവ് ഒരുമണിക്കൂർ വീതമാണ്.
പ്ലസ് ടു ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സി.യു.ഇ.ടി- യു.ജി പരീക്ഷയിൽ മികച്ച സ്കോർ നേടാൻ സാധിക്കും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള കാർഷിക കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യ കോട്ട സീറ്റുകളിലേക്ക് പ്രവേശനം സി.യു.ഇ.ടി യു.ജി വഴിയാണ്. രാജ്യത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാൻ പരീക്ഷ ഉപകരിക്കും. പരീക്ഷ റിസൾട്ടിനുശേഷം താത്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനമാനദണ്ഡപ്രകാരം അപേക്ഷിക്കണം. പയ്യന്നൂരടക്കം 2025 ൽ കേരളത്തിൽ 17 പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. www.cuet.nta.nic.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |