തിരുവനന്തപുരം : ചാൻസലറുടെ അഭാവത്തിൽ വൈസ് ചാൻസലർക്ക് പകരം പ്രോചാൻസലാറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധികാരം നൽകുന്നതാണ് പുതിയ സർവകലാശാല നിയമഭേദഗതി. അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ് അധികാരങ്ങളും സംസ്ഥാന മന്ത്രിയിലേക്ക് ചുരുങ്ങും.അതോടെ സർവ്വകലാശാലകളുടെ സ്വയംഭരണ സ്വഭാവം പൂർണ്ണമായും നഷ്ടമാകുമെന്ന് വിമർശനമുണ്ട്.മന്ത്രിക്ക് സർവ്വകലാശാലയെ സംബന്ധിച്ച ഏത് ഫയലും വിളിച്ചു വരുത്തി പരിശോധിക്കാം. അദ്ധ്യാപക നിയമനം,സിലബസ്, രജിസ്ട്രാർ നിയമനം,കോഴ്സ് നിശ്ചയിക്കൽ,പരീക്ഷാ നടത്തിപ്പ് എന്നിവയിലും ഇടപെടാം.സിൻഡിക്കേറ്റ് കൂടാനാകാത്ത സാഹചര്യത്തിൽ അടിയന്തര തീരുമാനങ്ങളെടുക്കാനുള്ള വൈസ് ചാൻസലറുടെ അധികാരം എടുത്തു കളഞ്ഞു.സർവ്വകലാശാല ട്രിബ്യൂണൽ അധികാരവും,ബോർഡ് ഒഫ് സ്റ്റഡീസിനെ നിയമിക്കാനുള്ള അധികാരവും പോകും. പകരം മന്ത്രിയുടെ നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിനാകും ചുമതല.
സ്വകാര്യസർവ്വകലാശാല:
25 കോടിയും 10 ഏക്കറും
25 കോടി രൂപയും,പത്തേക്കർ ഭൂമിയുമുള്ള അർഹരായ ഗ്രൂപ്പുകൾക്ക് സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കുന്നതിന് നിയമ പിൻബലം നൽകുന്ന ബില്ലും ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് ലഭ്യമാക്കാനും വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് അടുപ്പിക്കാനുമാണിതെന്ന് ബിൽ അവതരിപ്പിച്ച മന്ത്രിആർ. ബിന്ദു പറഞ്ഞു. സാമൂഹ്യനിയന്ത്രണവ്യവസ്ഥകൾ പാലിച്ചും വിദ്യാർത്ഥികളുടെ അവകാശാധികാരങ്ങൾ സംരക്ഷിച്ചുമാണ് നിയമം കൊണ്ടുവരുന്നത്.
സ്വകാര്യ സർവ്വകലാശാലകളിൽ എൻ.എസ്.എസ്,എസ്.എൻ.ഡി.പി യോഗം ,എം.ഇ.എസ്,
ക്രൈസ്തവ സഭകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
"നിയമഭേദഗതി സർവ്വകലാശാലകളെ ശാക്തീകരിക്കാൻ മന്ത്രിയുടെ അധികാരങ്ങൾ വിനിയോഗിക്കാനാണ് . ചാൻസലറുടെ അധികാരങ്ങൾ ഒന്നും മാറ്റിയിട്ടില്ല. പ്രോ ചാൻസലറുടെ അധികാരങ്ങൾക്ക് കൂടുതൽ സ്പഷ്ടത വരുത്തുകയാണ്."
-മന്ത്രി ആർ. ബിന്ദു
സ്വകാര്യ യൂണി. ബിൽ:
ജീവനക്കാരും കോളേജ്
അദ്ധ്യാപകരും മാർച്ച് നടത്തി
തിരുവനന്തപുരം: പൊതുസർവകലാശാലകളെ തകർക്കുന്ന സ്വകാര്യ സർവകലാശാല ബില്ലിനെതിരെ സർവകലാശാല ജീവനക്കാരും കോളേജ് അദ്ധ്യാപകരും നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെയും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു മാർച്ച്. സംസ്ഥാനത്തെ സർവകലാശാലകളിൽ 40 ശതമാനത്തോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് ഉന്നതവിദ്യാഭ്യാസമേഖല വിദ്യാഭ്യാസ കച്ചവടക്കാർക്ക് അടിയറവച്ച് സർക്കാർ പിന്മാറുന്നതിന്റെ സൂചനയാണ്. സാധാരണക്കാരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ പൊതുജനപങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.മഹേഷ്,ജനറൽ സെക്രട്ടറി ജയൻ ചാലിൽ കെ.പി സി.ടി.എ സംസ്ഥാന പ്രസിഡന്റ് പ്രേമചന്ദ്രൻ കീഴോത്ത്,ജനറൽ സെക്രട്ടറി റോണി ജോർജ് നേതാക്കളായ ഉമർ ഫാറൂഖ്,കെ.എസ് ജയകുമാർ,എ.എബ്രഹാം എന്നിവർ പ്രസംഗിച്ചു. കെ.പ്രവീൺ കുമാർ,ആർ.അരുൺ കുമാർ ആൻസൺ ആന്റണി,ജോൺ കോശി,ജോസ് മാത്യു,വീണാ ബൈജു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
യൂണി. നിയമഭേദഗതിക്ക്
മുൻകാല പ്രാബല്യമില്ല
തിരുവനന്തപുരം: സർവകലാശാലാ നിയമഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമുണ്ടാവില്ലെന്നും വിദ്യാർത്ഥികൾക്ക് വേഗത്തിൽ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. കോളേജ് അധ്യാപകർ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന വ്യവസ്ഥയ്ക്കും മുൻകാല പ്രാബല്യമില്ല.
ഈ നിയമ ഭേദഗതി ഗവർണർ ഒപ്പിടുന്ന അന്നു മുതൽ മാത്രമാണ് പ്രാബല്യത്തിൽ വരുക. അതുകൊണ്ടു തന്നെ മുമ്പ് മേയർമാരോ പഞ്ചായത്ത് പ്രസിഡന്റുമാരോ ആയിരുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല.സർവകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിന് തടസ്സമാണെന്നു കണ്ടാണ് ഭേദഗതി ബിൽ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ യൂണി.ബിൽ
സെലക്ട് കമ്മിറ്റിക്ക്
വിടണം: വി.ഡി.സതീശൻ
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനും മറ്റു രണ്ട് ബില്ലുകൾ പിൻവലിക്കാനും സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷം സ്വകാര്യ സർവകലാശാലകൾക്ക് എതിരല്ല.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്നങ്ങൾ കുട്ടികൾ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനെ തുടർന്നുണ്ടാകുന്ന ബ്രെയ്ൻ ഡ്രെയിനും സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകളിൽ വിദ്യാർത്ഥികൾ കുറയുന്നതുമാണ്. പ്രധാനപ്പെട്ട കോളജുകളിൽ പോലും വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ വിദേശ സർവകലാശാലകൾ വന്ന് 40 ശതമാനം സീറ്റുകളിൽ സംവരണം നൽകിക്കഴിയുമ്പോൾ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയും. അതുണ്ടാക്കുന്ന ആഘാതത്തെ കുറിച്ചുള്ള ഒരു പഠനവും നടത്തിയിട്ടില്ല.
ആർക്കും കോളജുകൾ ആരംഭിക്കാമെന്ന രീതി ശരിയല്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന വിശ്വാസ്യതയുള്ളവർക്ക് പരിഗണന നൽകണം. കേരളത്തിലെ പൊതു സർവകലാശാലകൾ വിദേശത്ത് എവിടെയെങ്കിലും കാമ്പസുകൾ തുടങ്ങുന്നതിന് അനുമതിയില്ല. എന്നാൽ കേരളത്തിൽ പുതുതായി വരുന്ന വിദേശ സർവകലാശാലകൾക്ക് കേരളത്തിന് പുറത്ത് കാമ്പസുകൾ തുടങ്ങാൻ അനുമതി നൽകിയിരിക്കുകയാണ്. ഇത് പൊതു സർവകലാശാലകളെ തകർക്കുന്നതിന് കാരണമാകുമോയെന്ന് പരിശോധിച്ചിട്ടില്ല.വിദേശ സർവകലാശാലകളുടെ ഫീസ് അവർ തന്നെയാണ് നിശ്ചയിക്കുന്നത്. സർക്കാരിന് ഒരു നിയന്ത്രണവും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും സതീശൻ പറഞ്ഞു.
സർവകലാശാലാ
ബില്ലുകളിൽഒപ്പിടണം
#ഗവർണറെ കണ്ട് മന്ത്രി പി.രാജീവ്
തിരുവനന്തപുരം: സർവകലാശാലാ നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി പി.രാജീവ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മന്ത്രി രാജ്ഭവനിലെത്തിയത്. കൂടിക്കാഴ്ച കാൽമണിക്കൂർ നീണ്ടു. ഭേദഗതി ബിൽ കൊണ്ടുവരാനുള്ള സാഹചര്യം മന്ത്രി വിശദീകരിച്ചു. ഗവർണർ ചില ചോദ്യങ്ങളും ഉന്നയിച്ചു.
ഭേദഗതി ബില്ലിന് അനുമതി നൽകരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ചാൻസലർക്കായ ഗവർണർക്കില്ലാത്ത അമിതമായ അധികാരങ്ങളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുള്ളതെന്നും ബിൽ നിയമമായാൽ സർവകലാശാലകളിൽ നേരിട്ട് ഇടപെടാൻ മന്ത്രിക്ക് കഴിയുമെന്നും പരാതിയിലുണ്ട്. സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുന്ന ഭേദഗതി അംഗീകരിക്കരുതെന്നാണ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ ഈ പരാതികൾ അടിസ്ഥാന രഹിതമാണെന്നും തള്ളിക്കളയണമെന്നും ഗവർണറോട് മന്ത്രി രാജീവ് അഭ്യർത്ഥിച്ചതായാണ് സൂചന. കുസാറ്റ്, മലയാളം,സാങ്കേതിക സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി രാജീവ് ഗവർണറെ കണ്ടതെന്നാണ് അറിയുന്നത്. ഇന്ന് ഡൽഹിക്ക് പോവുന്ന ഗവർണർ കൊച്ചിയിലെയും വയനാട്ടിലെയും പരിപാടികൾക്ക് ശേഷം രാജ്ഭവനിൽ തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |