കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് 2022 ഓഗസ്റ്റ് 28നാണ് എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. സമ്മേളനത്തിൽ വിമർശനങ്ങൾ പലപ്പോഴും പാർട്ടി സെക്രട്ടറിക്ക് നേരെ നീണ്ടെങ്കിലും ശനിയാഴ്ച വെെകിട്ട് നടത്തിയ മറുപടി പ്രസംഗത്തിൽ ഈ വിമർശനങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. മദ്യപാനികള്‍ക്ക് ഇടമില്ല എന്ന നിലപാട് പറഞ്ഞിട്ട് ഒരാളും സമ്മേളനത്തില്‍ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞില്ലെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം എം വി ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കും. സമ്മേളനത്തിലൂടെ അദ്ദേഹം ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെടും. 72 വയസുള്ള ഗോവിന്ദൻ അടുത്ത സമ്മേളനത്തിലേക്ക് എത്തുമ്പോൾ പ്രായപരിധി നിബന്ധനയിൽ വരും.
അതേസമയം, 17 അംഗ സെക്രട്ടറിയേറ്റിൽ കെകെ ശെെലജ, എംവി ജയരാജൻ, സിഎൻ മോഹനൻ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എംബി രാജേഷ്, പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, കെ പി ഉദയഭാനു, പി ശശി എന്നീ നേതാക്കളെ പരിഗണിച്ചില്ല. 89 അംഗ സംസ്ഥാനസമിതിയെയാണ് സിപിഎം തിരഞ്ഞെടുത്ത്. 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ജയമോഹൻ (കൊല്ലം), എം പ്രകാശൻ മാസ്റ്റർ (കണ്ണൂർ), വി കെ സനോജ് (കണ്ണൂർ), വി വസീഫ് (കോഴിക്കോട്), കെ ശാന്തകുമാരി (പാലക്കാട്), ആർ ബിന്ദു (തൃശൂർ), എം അനിൽകുമാർ (എറണാകുളം), കെ പ്രസാദ് (ആലപ്പുഴ), ബി ആര് രഘുനാഥ് (കോട്ടയം), ഡി കെ മുരളി (തിരുവനന്തപുരം), എം രാജഗോപാൽ (കാസർകോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വിപി അനിൽ (മലപ്പുറം), കെ വി അബ്ദുൾ ഖാദർ (തൃശൂർ) തുടങ്ങിയവരാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങൾ.
എന്നാൽ പത്തനംതിട്ടയിൽ നിന്ന് ആരെയും സംസ്ഥാനസമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രി വീണാ ജോർജേജിനെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. എന്നാൽ കരുനാഗപ്പള്ളി വിഭാഗീയതയെ തുടർന്ന് സൂസൻ കോടി പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |