
കൊല്ലം: ഡിമാൻഡ് വദ്ധിച്ചതോടെ ജില്ലയിൽ മുട്ട വില മുകളിലേയ്ക്ക്. വിലക്കയറ്റം ഉപഭോക്താക്കളെയും കടയുടമകളെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ശൈത്യകാലത്ത് മുട്ടയ്ക്ക് സാധാരണ വില കൂടാറുണ്ടെങ്കിലും ഇതാദ്യമായാണ് വില ഇത്രയും ഉയരുന്നതെന്നാണ് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ നവംബറിൽ മുട്ട വില 6.50 രൂപയായി ഉയർന്നിരുന്നു. ഡിസംബർ 15 ആയപ്പോഴേക്കും വില വീണ്ടും വർദ്ധിച്ച് 8 രൂപയിലേക്കെത്തി. കേരളത്തിന് ആവശ്യമുള്ള മുട്ടയുടെ ഭൂരിഭാഗവും എത്തുന്നത് ദക്ഷിണേന്ത്യയിലെ പ്രധാന കോഴിമുട്ട ഉത്പാദന കേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ്. പ്രതിദിനം ലോഡ് കണക്കിന് മുട്ടകളാണ് ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നത്.
നാമക്കല്ലിൽ കഴിഞ്ഞ ദിവസം 7.10 രൂപയായിരുന്നു മുട്ടയുടെ വില. കേരളത്തിലേക്ക് മുട്ട കൊണ്ടുവരുമ്പോൾ വാഹനച്ചെലവ്, കയറ്റിറക്കുകൂലി, ഏജന്റുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. ഇക്കാരണത്താൽ കേരളത്തിലെത്തുമ്പോൾ 7.25 രൂപയായി ഉയരും. 7.30 നിരക്കിലാണ് നിലവിൽ മൊത്തക്കച്ചവടം. 7.50 മുതൽ 8 രൂപ വരെയാണ് കടകളിൽ മുട്ടയ്ക്ക് ഈടാക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റം വരാം. നാടൻ മുട്ടയ്ക്ക് 12 രൂപ വരെയാണ് ഈടാക്കുന്നത്. കേടുവന്നതും പൊട്ടിയതും മൂലമുള്ള നഷ്ടം വേറെ. കാര്യമായ ലാഭം ലഭിക്കാറില്ലെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ ദിനംപ്രതി രണ്ടുകോടിയിലധികം മുട്ടകളാണ് ആവശ്യമുള്ളത്.
ലഭ്യത കുറഞ്ഞു
ശൈത്യകാലമായതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പടെ ആവശ്യകത കൂടി
ആഭ്യന്തരവിപണി ശക്തമായതും ലഭ്യത കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി
നവംബർ മുതൽ ജനുവരി വരെ മുട്ട ഉത്പാദനം കുറവ്
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യകതയും വർദ്ധിച്ചു
ഫെബ്രുവരി പകുതിയോടെ വില കുറഞ്ഞേക്കും
വലിയ കുറവ് ഉണ്ടായേക്കില്ലെന്ന് വ്യാപാരികൾ
തട്ടുകടക്കാർ പ്രതിസന്ധിയിൽ
ഹോട്ടലുകൾ, തട്ടുകടക്കാർ എന്നിവർക്ക് പുറമേ ബേക്കറികളിലേക്കും വലിയ തോതിൽ മുട്ട വാങ്ങാറുണ്ട്.
മുട്ടവില ഉയർന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം ഓംലെറ്റും മറ്റുമാണ്. വില ഉയർന്നതോടെ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്.
ശൈത്യകാലമായതിനാൽ ആവശ്യക്കാർ വർദ്ധിച്ചതും ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനായി ഉപഭോഗം കൂടിയതും വിലക്കയറ്റത്തിന് കാരണമായി. തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവം വരെ ഈ സ്ഥിതി തുടരാം.
എസ്.കെ നസീർ, ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി,
നാഷണൽ എഗ്ഗ് കോ ഓഡിനേഷൻ കമ്മിറ്റി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |