പടുകൂറ്റൻ ശക്തിപ്രകടനത്തോടും ചിട്ടയാർന്ന ചുവപ്പു വോളണ്ടിയർ മാർച്ചോടും തുടർന്നു നടന്ന പൊതുസമ്മേളനത്തോടുംകൂടി സി.പി.എം സംസ്ഥാന സമ്മേളനം ഞായറാഴ്ച കൊല്ലത്ത് സമാപിച്ചപ്പോൾ ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം മദ്ധ്യത്തോടെ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുമാണ് രാഷ്ട്രീയ കേരള മനസിൽ ഏറ്റവും ഉയർന്നുനിന്ന വിഷയമെന്നു പറയാം. തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സകല തലങ്ങളിലും സജ്ജമാക്കാനുള്ള ഒരുക്കങ്ങൾക്ക് സംസ്ഥാന സമ്മേളനത്തോടെ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. കൊല്ലം സമ്മേളനം ഏതു നിലയിൽ നോക്കിയാലും പാർട്ടിയുടെ കെട്ടുറപ്പും ജനാഭിമുഖ്യവും ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ പര്യാപ്തമാംവിധത്തിൽ വിജയകരമായി സംഘടിപ്പിച്ചതിൽ സംഘാടക മികവ് തികച്ചും പ്രകടമായിരുന്നു.
നേതൃ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ചിലരെ ഒഴിവാക്കിയതിലും ചിലരെ എടുത്തതിലും പാർട്ടിയിൽ അങ്ങിങ്ങ് മുറുമുറുപ്പുകൾ ഉയരുന്നുണ്ടെങ്കിലും സമ്മേളന വേദികൾ പൊതുവെ സംഘർഷരഹിതമായിരുന്നു. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി പദം ഒഴിഞ്ഞതിനെത്തുടർന്ന് സെക്രട്ടറിയായി സ്ഥാനമേറ്റ എം.വി. ഗോവിന്ദൻ അടുത്ത മൂന്നുവർഷത്തേക്ക് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ 17 പുതുമുഖങ്ങൾക്ക് പ്രാതിനിദ്ധ്യം നൽകിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ 17 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 12 വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം സമ്മേളനം വിശദമായി ചർച്ച ചെയ്ത രണ്ടു രേഖകളിൽ പ്രധാനം, മുഖ്യമന്ത്രി അവതരിപ്പിച്ച 'നവ കേരളത്തെ നയിക്കാൻ പുതുവഴികൾ" എന്നതാണ്. സാധാരണ ഗതിയിൽ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി അവതരിപ്പിക്കാറുള്ള രേഖയാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടാറ്. നയങ്ങളിലും സമീപനത്തിലുമെല്ലാം അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖ എന്നു പറയാം. മധുരയിൽ ഏപ്രിൽ മാസം നടക്കുന്ന പാർട്ടി കോൺഗ്രസിലും ഇത് ചർച്ചാവിഷയമാകും. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സ്വകാര്യ മൂലധന നിക്ഷേപം അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ വികസന രേഖയിൽ പറയുന്നു. അതുപോലെ, സംസ്ഥാന ഖജനാവിനു ഭാരമാകുന്ന, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കണമെന്ന ആശയവും നയം മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നവയിൽ, കഴിവുള്ളവരിൽ നിന്നെല്ലാം ഫീസ് പിരിക്കണമെന്ന ആശയവും മുന്നോട്ടുവയ്ക്കുന്നു. സൗജന്യങ്ങളെല്ലാം അർഹിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെ മുന്നേതന്നെ ബോദ്ധ്യപ്പെടേണ്ടതായിരുന്നു. പരിമിതമായ വിഭവശേഷി നിലവിൽ അർഹതയില്ലാത്ത എത്രയോ സൗജന്യങ്ങൾക്കായാണ് വീതിക്കപ്പെടുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുക്കുന്നവരിൽ സർക്കാർ ജീവനക്കാർ പോലും ഉണ്ടെന്നുള്ള വിവരം പുറത്തുവന്നത് ഈ അടുത്ത നാളുകളിലാണ്. പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. അനർഹമായി പെൻഷൻ കൈപ്പറ്റിയവരിൽ ചിലരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും, വാങ്ങിയ പെൻഷൻ തുക തിരികെ ഈടാക്കുകയും ചെയ്തതൊഴിച്ചാൽ മറ്റു നടപടികളൊന്നും ഉണ്ടായില്ല.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് പിരിക്കാനുള്ള നിർദ്ദേശത്തിനെതിരെ എതിർപ്പുകൾ ഉയരുക സ്വാഭാവികമാണ്. എന്നാൽ, എതിർപ്പുകൾ മറികടന്ന് മുന്നോട്ടു പോവുകയാണ് വേണ്ടത്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരെയും വരുമാനമൊന്നുമില്ലാത്തവരെയും ഒരേ തട്ടിൽ കാണേണ്ട കാര്യമില്ല. വിദ്യാഭ്യാസത്തിന്, ഉള്ളവരിൽ നിന്ന് ഫീസ് ഈടാക്കുന്നത് അധാർമ്മികമൊന്നുമല്ല. അതേസമയം, ദുർബല വിഭാഗങ്ങൾക്കുള്ള സൗജന്യങ്ങൾ കൃത്യമായും സമയത്തും ലഭ്യമാക്കുകയും വേണം. ചില മേഖലകളിൽ സെസ് ഏർപ്പെടുത്താനുള്ള നയരേഖയിലെ നിർദ്ദേശം പുതിയതല്ല. പണ്ടെന്നോ കൊണ്ടുവന്ന ഇന്ധന സെസ് ഇപ്പോഴും നിലനിൽക്കുകയാണ്. കിഫ്‌ബി നിർമ്മിച്ച റോഡിനും പാലത്തിനുമൊക്കെ ടോൾ രൂപത്തിൽ സെസ് കൊണ്ടുവരാനുള്ള നിർദ്ദേശവും സജീവ പരിഗണനയിലാണ്. കൂടുതൽ മേഖലകളിലേക്ക് അത് വ്യാപിക്കുമ്പോൾ ജനരോഷം നേരിടാനുള്ള മാർഗങ്ങൾ കൂടി കണ്ടെത്തേണ്ടിവരും.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നയങ്ങൾ എൽ.ഡി.എഫ് സർക്കാർ ഒരിക്കലും സ്വീകരിക്കില്ലെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന പുറത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രിയുടെ വികസന നയരേഖയിലെ നിർദ്ദേശങ്ങൾ അന്തിമമാക്കുന്നതിനു മുൻപ് വിദഗ്ദ്ധ സമിതി പഠിക്കുന്നതാണ്. പദ്ധതികൾക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കും പണം കൂടിയേ തീരൂ. കേന്ദ്ര സമീപനം ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിൽ അധിക വിഭവ സമാഹരണത്തിന് സ്വന്തം മാർഗങ്ങൾ തേടുകയേ നിവൃത്തിയുള്ളൂ. ഈ മാർഗത്തിലൂടെ മുന്നോട്ടു പോകുമ്പോൾ എതിർപ്പും പ്രതിഷേധവുമൊക്കെ സ്വാഭാവികമാണ്. പണച്ചുരുക്കം മൂലം വാർഷിക പദ്ധതികൾ പോലും വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമുള്ളപ്പോൾ പുതിയ വരുമാന മാർഗങ്ങൾ തേടുകയല്ലാതെ വേറെ വഴിയില്ല. അതിനുതകുന്ന ധാരാളം വിഭവ സ്രോതസുകൾ ഇവിടെത്തന്നെയുണ്ട്. അത് വേണ്ടതു പോലെ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സംസ്ഥാനം നേരിടുന്ന പോരായ്മ.
വരുമാനമുണ്ടാക്കാൻ അണക്കെട്ടുകളിലെ മണൽ വാരി വിൽക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ച് വർഷങ്ങളായി പറഞ്ഞുകേൾക്കുന്നു. അത് സാദ്ധ്യമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വികസന നയരേഖയിലും അത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം നിയമസഭയിലും അത് വിഷയമായി. പുതിയ വരുമാന സ്രോതസുകൾ തേടുമെന്ന നയരേഖയിലെ നിർദ്ദേശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽത്തന്നെ വ്യക്തമാക്കിയ നിലയ്ക്ക് എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിക്കാം. കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി അവരുടെ സഹകരണത്തോടെയാകും മുന്നോട്ടു പോവുകയെന്നും മുഖ്യമന്ത്രി ഉറപ്പുനൽകുന്നു. നിക്ഷേപ സാദ്ധ്യത ശക്തമാണെന്നതിനാൽ വ്യവസായ വികസനാന്തരീക്ഷം തികച്ചും അനുകൂലമാണ്. അത് പൂർണമായും പ്രയോജനപ്പെടുത്താൻ സാധിക്കണം. സർക്കാർ സേവനങ്ങൾ ലഭിക്കാൻ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാൻ ശക്തമായ ഇടപെടലുകൾ അനിവാര്യമായിരിക്കുകയാണ്.
അതുപോലെ, സേവനങ്ങൾക്ക് ജനം കൈക്കൂലി നൽകേണ്ടിവരുന്ന സ്ഥിതിവിശേഷവും ഇല്ലാതാകണം. ജനജീവിതവുമായി നേരിട്ടു ബന്ധമുള്ള ഇത്തരം കാര്യങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ചർച്ചയ്ക്കു വരേണ്ടതായിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് ഭരണത്തുടർച്ച നേടിയെടുക്കുക എന്ന ലക്ഷ്യമാണ് കൊല്ലം സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്. ഉദാരീകരണത്തോടും സ്വകാര്യപങ്കാളിത്തത്തോടുമുള്ള പുതിയ ചായ്‌വ് ഇതിന്റെ ഭാഗമായി കരുതാം. പാർട്ടി നയം തന്നെയാണ് താൻ അവതരിപ്പിച്ച വികസന രേഖയിലുമുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. പാർട്ടിയും ഭരണകൂടവും തമ്മിൽ കൂടുതൽ ഐക്യത്തോടെ വർത്തിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |