തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള വീടുകൾ നിർമ്മിക്കുന്ന ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ്. 430 വീടുകളാണ് നിർമ്മിക്കുന്നത്.
ദുരന്തമുണ്ടായി എട്ടു മാസം കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ പട്ടികപോലും പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും തയ്യാറാക്കിയ ആദ്യഘട്ട പട്ടികയുമായി ബന്ധപ്പെട്ട് 43 പരാതികളുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
രണ്ടാംപട്ടിക പൂർത്തിയാക്കാനായില്ലെന്നും മൂന്നാം പട്ടികയിൽ ഹിയറിംഗ് നടക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ടി. സിദ്ധിഖ് ആരോപിച്ചു. പട്ടിക പൂർത്തിയാക്കാനാവാത്തത് സർക്കാരിന്റെ അനാസ്ഥ കാരണമാണ്. സർക്കാരിനെ സഹായിക്കാൻ ശ്രമിച്ച പഞ്ചായത്തുകളെ ആക്ഷേപിക്കുന്ന നടപടികളാണുണ്ടായത്. 10 സെന്റ് ഭൂമി വീതമെങ്കിലും നൽകണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു.
രാഷ്ട്രീയമില്ലാതെ ഒന്നിച്ചു മുന്നോട്ടുപോകുമെന്നും 1112 കുടുംബങ്ങളുടെ പുനരധിവാസത്തിന് മൈക്രോപ്ലാൻ ഉണ്ടെന്നും മന്ത്രി രാജൻ വ്യക്തമാക്കി. കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകും. ജീവനോപാധി നഷ്ടമായ ജീപ്പ് ഡ്രൈവർമാർ അടക്കമുള്ളവരെ പുനരധവസിപ്പിക്കും. തുടർചികിത്സയ്ക്ക് മുഴുവൻ ചെലവും സർക്കാർ വഹിക്കും. തകർന്ന റോഡുകളും പാലങ്ങളും പുനർനിർമ്മിക്കും. ആറു ഹെലിപാഡുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം ചെകുത്താനെന്ന് മന്ത്രി രാജൻ
കേരളത്തോട് അവഗണനയെന്ന് സതീശൻ
വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാരിനെ നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് റവന്യു മന്ത്രി കെ. രാജനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. ടി. സിദ്ധിഖിന്റെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവേയാണിത്. കേന്ദ്ര സർക്കാർ കാവൽ മാലാഖയെപ്പോലെയല്ല,ചെകുത്താനെപ്പോലെയാണ് പെരുമാറുന്നതെന്ന് റവന്യുമന്ത്രി പറഞ്ഞു. പരാതികളെല്ലാം സംസ്ഥാന സർക്കാർ തീർക്കും,പുനരധിവാസത്തിന് സാദ്ധ്യമായതെല്ലാം ചെയ്യും. വയനാട്ടിൽ കേരള മോഡലുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കർ ക്രൂരമായ അവഗണനയാണ് കേരളത്തോട് കാട്ടിയതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എൽ-3 കാറ്റഗറിയിൽ ഉൾപ്പെടുത്തി അതിതീവ്ര ദുരന്തമാണെന്ന് പ്രഖ്യാപിച്ചിട്ടും പലിശയില്ലാത്ത കടം തരാമെന്ന ഔദാര്യമാണ് കേന്ദ്രത്തിന്റേത്. അതിനെതിരെ ഏതറ്റം വരെ പോരാടാനും പ്രതിപക്ഷം തയാറാണ്. യു.ഡി.എഫ് എം.പിമാർ ഇക്കാര്യം പാർലമെന്റിലുന്നയിച്ചു. ഇനിയും ഉന്നയിക്കും. സംസ്ഥാന സർക്കാരാകട്ടെ,ഗുരുതരമായി പരിക്കേറ്റവർക്കു പോലും ചികിത്സാ സഹായം നൽകുന്നില്ലെന്നും സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്ര നിലപാട് കാണുമ്പോൾ ഇന്ത്യയിലല്ലേ കേരളമെന്ന് തോന്നുമെന്ന് സിദ്ധിഖ് പറഞ്ഞു.പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
സമ്മതപത്രം ഒപ്പിട്ടത് 13 പേർ
കൽപ്പറ്റ:ആയിരം ചതുരശ്ര അടിയുള്ള വീടും ഏഴ് സെന്റ് ഭൂമിയുമാണ് ഓരോരുത്തർക്കും നൽകുക. പട്ടയം 12 വർഷത്തേക്ക് കൈമാറ്റം പാടില്ല. എന്നാൽ പാരമ്പര്യ കൈമാറ്റമാകാം. ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 125 പേരെയാണ് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ തിങ്കളാഴ്ചയും ഇന്നലെയുമായി നേരിൽ കണ്ടത്. 13 പേർ സമ്മതപത്രം ഒപ്പിട്ടുനൽകി. 12 പേർ വീടിനും ഒരാൾ സാമ്പത്തിക സഹായത്തിനുമാണ് രേഖാമൂലം സമ്മതമറിയിച്ചത്. ഈ മാസം 24 വരെ സമ്മതപത്രം നൽകാം.നാളെ വയനാട്ടിലെത്തുന്ന റവന്യുമന്ത്രി കെ.രാജന് ദുരിതബാധിതർ കൂടുതൽ ആവശ്യങ്ങളടങ്ങുന്ന നിവേദനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |