SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

രന്യയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യില്ല; ജാമ്യാപേക്ഷയിൽ നാളെ വിധി പറയും, അന്വേഷണം കടുപ്പിച്ച് ഡിആർഐ

Increase Font Size Decrease Font Size Print Page
ranya-rao

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യാ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരിയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. മാർച്ച് 17ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ ഡയറക്ട്രേറ്റ് ഒഫ് റവന്യു ഇന്റലിജെൻസിനോട് (ഡിആർഐ) ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി അപമാനിക്കുന്നതായി ആരോപിച്ച് ജതിൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

ചട്ടങ്ങൾ പാലിക്കാതെ ജതിനെ ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് 12 കോടി വിലമതിക്കുന്ന സ്വർണവുമായി രന്യ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. 14.8 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. രന്യ കുറച്ച് സ്വർണം അണിഞ്ഞും ബാക്കി സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്. രന്യ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 27 തവണ നടി ദുബായ് യാത്രകൾ നടത്തിയിരുന്നു. ഈ യാത്രകളിൽ ഒപ്പമുണ്ടായിരുന്നതിനാലാണ് ഭർത്താവിലേക്കും അന്വേഷണം എത്തിയത്.

നേരത്തേ, രന്യയെ ബംഗളൂരുവിലെ പ്രത്യേക കോടതി 24വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി രന്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ നാളെ കോടതി വിധി പറയും. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകരുതെന്നാണ് ഡിആർഐ ആവശ്യപ്പെടുന്നത്. അതിനിടയിൽ കേസിൽ സിബിഐയും അന്വേഷണം നടത്തുകയാണ്. രന്യയ്ക്ക് സ്വർണക്കടത്തുമായി കൂടുതൽ ബന്ധമുണ്ടോയെന്നാണ് സിബിഐ അന്വേഷിക്കുന്നത്.

TAGS: CASE DIARY, RANYA RAO, ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY