ന്യൂഡൽഹി: എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട നാസ ബഹിരാകാശ യാത്രികരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) കുടുങ്ങിക്കിടക്കുകയാണ് ഇവർ. മാർച്ച് 19ന് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഇതിനിടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ലഭിക്കാൻ സാദ്ധ്യതയുള്ള തുകയാണ് ചർച്ചാകുന്നത്.
ബഹിരാകാശ യാത്രികർക്ക് പ്രത്യേക ഓവർടൈം വേതനമില്ലെന്നാണ് നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശ യാത്രിക കാഡി കോൾമാൻ വ്യക്തമാക്കുന്നത്. ബഹിരാകാശ യാത്രികർ ഫെഡറൽ ജീവനക്കാരായതിനാൽ, അവർ ബഹിരാകാശത്ത് ചെലവഴിക്കുന്ന സമയം ഭൂമിയിലെ സാധാരണ തൊഴിൽ സമയം പോലെ തന്നെയാണ് കണക്കാക്കുന്നത്. അവർക്ക് സാധാരണയായി ലഭിക്കുന്ന വേതനം തന്നെ ബഹിരാകാശത്ത് തുടരുന്ന സമയവും ലഭിക്കും. എന്നാൽ ഐഎസ്എസിലെ അവരുടെ ഭക്ഷണ, ജീവിതച്ചെലവുകൾ നാസ വഹിക്കും. അപകടത്തിൽപ്പെടുന്നവർക്ക് ലഭിക്കുന്ന ഒരു ചെറിയ ദൈനംദിന സ്റ്റൈപ്പന്റ് മാത്രമാണ് അവർക്ക് ലഭിക്കുന്ന ഏക അധിക നഷ്ടപരിഹാരം. റിപ്പോർട്ട് പ്രകാരം പ്രതിദിനം വെറും നാല് ഡോളർ (347 രൂപ) ആയിരിക്കും ലഭിക്കുക.
2010-11ലെ 159 ദിവസത്തെ ദൗത്യത്തിൽ, കോൾമാന് 636 ഡോളർ ( ഏദകേശം 55,000 രൂപ) അധിക വേതനം ലഭിച്ചിരുന്നു. ഇതനുസരിച്ച്, 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച സുനിതയ്ക്കും വിൽമോറിനും അധിക നഷ്ടപരിഹാരമായി 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) ലഭിച്ചേക്കുമെന്നാണ് കണക്കുക്കൂട്ടൽ.
നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ജനറൽ ഷെഡ്യൂൾ (ജിഎസ്) ഷെഡ്യൂളിന് കീഴിലുള്ള ഫെഡറൽ ജീവനക്കാരുടെ ഏറ്റവും ഉയർന്ന ശമ്പള നിലവാരമായ ജിഎസ്-15 ശമ്പള ഗ്രേഡിന് കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജിഎസ്-15 ജീവനക്കാർക്ക് വാർഷിക അടിസ്ഥാന ശമ്പളം 125,133 ഡോളർ മുതൽ 162,672 ഡോളർ വരെയാണ് (ഏകദേശം 1.08 കോടി രൂപ മുതൽ - 1.41 കോടി രൂപവരെ).
ഐഎസ്‌എസിൽ ഒൻപത് മാസം തങ്ങിയതിന് സുനിതയ്ക്കും വിൽമോറും 93,850 ഡോളർ മുതൽ 122,004 ഡോളർവരെയായിരിക്കും (ഏകദേശം 81 ലക്ഷം രൂപമുതൽ - 1.05 കോടി രൂപവരെ) ശമ്പളം ലഭിക്കുക.
സ്റ്റൈപ്പന്റ് 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) ഉൾപ്പെടെ, ദൗത്യത്തിനായി ഇരുവർക്കും ലഭിക്കുന്ന ആകെ തുക 94,998 ഡോളർ മുതൽ - 123,152 ഡോളർവരെ (ഏകദേശം 82 ലക്ഷം രൂപ - 1.06 കോടി രൂപ) ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |