കൊച്ചി: വയനാട്ടിലെ ചന്ദനകൃഷിക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും ഗൂഢാലോചനയുമാണെന്ന് മുള്ളംകൊല്ലി പാടിച്ചിറയിലെ കർഷകരുടെ കൂട്ടായ്മയായ സാന്റൽവുഡ് ഗ്രൂപ്പ് ഫാർമേഴ്‌സ് വെൽഫെയർ അസോസിയേഷൻ പറഞ്ഞു.
ചന്ദനക്കൃഷി ജനകീയമാക്കുന്നതിന് സ്വകാര്യ മേഖലയുടെയും കർഷകരുടെയും സഹകരണം ഉറപ്പാക്കുന്നസർക്കാർ പ്രഖ്യാപനങ്ങൾ പ്രകാരമുള്ള പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പ്രചാരണമെന്ന് അസോസിയേഷൻ പ്രസിഡന്റ് അനു വർക്കി, സെക്രട്ടറി ലിസിയാമ്മ സണ്ണി, ട്രഷറർ റാഫി മതിലകം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏതെങ്കിലും കമ്പനിയുടെ മോഹന വാഗ്ദാനങ്ങളിൽപ്പെട്ടല്ല കൃഷി നടത്തുന്നത്. ആരും വഞ്ചിക്കപ്പെട്ടിട്ടില്ല. കൃഷി ഉപേക്ഷിക്കപ്പെട്ടതും തരിശായി കിടന്നിരുന്നതുമായ കരഭൂമിയിൽ മറയൂരിലെ വനം വകുപ്പിൽ നിന്നു വാങ്ങിയ ചന്ദനക്കുരു കൃഷിചെയ്ത തോട്ടമാണ് കർഷകർ വാങ്ങിയത്. വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ ടൂറിസവും കൃഷിയും സമന്വയിപ്പിച്ച് പദ്ധതികൾ ആരംഭിച്ചവർക്കെതിരെയാണ് പ്രചാരണം.
1961ലെയും 2011ലെയും ഫോറസ്റ്റ് ആക്ട്, 2012ലെ സാൻഡൽ വുഡ് പ്രൊട്ടക്ഷൻ ബിൽ എന്നിവ പ്രകാരം വ്യക്തികൾക്ക് ചന്ദനം നട്ടുവളർത്താം.
വയനാട്ടിൽ ചന്ദനക്കൃഷി വ്യാപകമാക്കുന്നതിന് പദ്ധതികൾ അവതരിപ്പിക്കുന്ന ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചന്ദനക്കൃഷി വിരുദ്ധരിൽ നിന്ന് തോട്ടത്തിന് മതിയായ സുരക്ഷയും സംരക്ഷണവും സർക്കാർ നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |