കോഴിക്കോട്: ലഹരി ഉപയോഗിച്ചശേഷം ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. യാസർ എന്ന യുവാവാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊന്നത്. ഷിബിലയുടെ പിതാവായ അബ്‌ദുറഹ്‌മാനെയും മാതാവ് ഹസീനയെയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചു. ഇതിൽ അബ്‌ദുറഹ്‌മാന്റെ നില ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷിബിലയെ ആക്രമിക്കുന്നത് തടഞ്ഞ സമയത്താണ് മാതാപിതാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരം ലഹരി ഉപയോഗിച്ചശേഷം എത്തിയാണ് യാസർ ആക്രമണം നടത്തിയതെന്ന് അയൽവാസികൾ പറഞ്ഞു. യാസർ മുൻപും കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഷിബിലയെ മർദ്ദിച്ചിരുന്നു എന്ന് ഷിബിലയുടെ ബന്ധുക്കൾ ആരോപിച്ചു. ഉപദ്രവം സഹിക്കാനാകാതെ ഷിബില സ്വന്തംവീട്ടിലേക്ക് താമസം മാറിയിരുന്നു. യാസറിന്റെ ഭീഷണിയുണ്ടെന്ന് കാട്ടി താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു എങ്കിലും അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണ ശേഷം പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |