കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഇന്ന് വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഭർത്താവ് സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷാർജയിൽ വച്ച് അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നിരുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫോറൻസിക് പരിശോധനാ ഫലം. തൂങ്ങിമരണമെന്നായിരുന്നു നിഗമനം. എന്നാൽ, അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോർട്ടം നടത്തിയത്. സതീഷിനെ നാട്ടിലെത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
ഈ മാസം 19ന് പുലർച്ചെയാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷാർജയിൽ ജോലി ചെയ്‌തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. സതീഷും ഷാർജയിലെ ഒരു കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു. അതുല്യയുടെ മരണത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 11 വർഷം മുമ്പായിരുന്നു അതുല്യയും സതീഷും തമ്മിലുള്ള വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |