ഹൈസ്കൂൾ തലത്തിൽ പഠിപ്പിക്കാൻ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ബി.എഡും നിർബന്ധമാണ്. ഇതുവരെ ബിരുദ പഠനവും ബി.എഡ് പഠനവും രണ്ടായാണ് ചെയ്തിരുന്നത്. എന്നാൽ ഈ വർഷം മുതൽ പ്ലസ് ടു കഴിഞ്ഞ് നാലു വർഷ പഠനത്തിലൂടെ ബിരുദവും ബാച്ച്ലർ ഒഫ് എഡ്യുക്കേഷൻ ബിരുദവും (ബി.എഡ്) നേടാൻ അവസരമൊരുക്കുന്ന പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം (ITEP). ബി.എ, ബി.എസ്‌സി, ബി.കോം എന്നീ മൂന്ന് തരം ബി.എഡ് കോഴ്സുകളാണ് 2025-26ൽ ആരംഭിക്കുന്നത്. അതായത് നാലു വർഷ പഠനം കൊണ്ട് ഇരട്ട ഡിഗ്രി നേടാം.
ഇന്റഗ്രേറ്റഡ് ബി.എഡ് ഡിഗ്രി നേടുന്ന ആൾക്ക് പോസ്റ്റ് ഗ്രാജ്വേഷൻ പഠനം പൂർത്തിയാക്കാൻ ഒരു വർഷം മതിയെന്നതാണ് മറ്റൊരു പ്രത്യേകത. ഐ.ടി.ഇ.പിയിൽ 75% മാർക്ക് നേടിയാൽ ഗവേഷണ താത്പര്യമുള്ളവർക്ക് പി.ജി ഇല്ലാതെ പി.എച്ച്ഡിക്ക് നേരിട്ട് പ്രവേശന പരീക്ഷ എഴുതാനും അവസരമുണ്ട്.
എൻ.സി.ഇ.ടി
ഐ.ടി.ഇ.പി പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയാണ് നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET). ഇതിൽ യോഗ്യത നേടുന്നവർക്ക് ഐ.ഐ.ടി, എൻ.ഐ.ടി, കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, റീജണൽ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർക്കാർ കോളേജുകൾ എന്നിവടങ്ങളിൽ കോഴ്സ് പൂർത്തിയാക്കാം. രാജ്യമൊട്ടാകെ 64 സ്ഥാപനങ്ങളിലായി 6100 ഐ.ടി.ഇ.പി സീറ്റുകളുണ്ട്. കേരളത്തിൽ എൻ.ഐ.ടി, കോഴിക്കോട് (ബി.എസ്‌സി ബി.എഡ്- 50 സീറ്റ്), കേന്ദ്ര സസ്കൃത സർവകലാശാല, ഗുരുവായൂർ കാമ്പസ് (ബി.എ ബി.എഡ്- 100 സീറ്റ്), കേന്ദ്ര സർവകലാശാല, പെരിയ (ബി.എസ്‌സി ബി.എഡ്, ബി.എ ബി.എഡ്, ബി.കോം ബി.എഡ്- ഓരോ പ്രോഗ്രാമിനും 50 സീറ്റ് വീതം) എന്നിവിടങ്ങളിലാണ് പ്രവേശനം. സ്ഥാപനങ്ങളുടേയും പ്രോഗ്രാമുകളുടേയും വിശദ വിവരങ്ങൾക്ക് exams.nta.ac.in/NCET കാണുക.മലയാളം, ഇംഗ്ലീഷ് ഉൾപ്പടെ 13 ഭാഷകളിൽ ചോദ്യം ലഭിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് പ്രായ പരിധിയില്ല. എന്നാൽ, പ്രവേശനം നേടാനാഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ യോഗ്യതാ മാനദണ്ഡം പാലിക്കണം.ഏപ്രിൽ 29-നാണ് എൻ.സി.ഇ.ടി പ്രവേശന പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് എൻ.സി.ഇ.ടി എൻട്രൻസ് നടത്തി ഫലം പ്രഖ്യാപിക്കുന്നത്. തുടർന്ന് ഓരോ സ്ഥാപനത്തിലെയും മെറിറ്റ് പട്ടിക തയ്യാറാക്കുന്നതും പ്രവേശനം നൽകുന്നതും ആ സ്ഥാപനമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |