തിരുവനന്തപുരം: ഇടുക്കിയിൽ രാഷ്ട്രീയ പിൻബലത്തോടെ ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്നും കുറ്റക്കാർക്കെതിരെ നടപടികളില്ലെന്നും നിയമസഭയിൽ പ്രതിപക്ഷം. മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി കെ.രാജൻ. കൈയേറ്റമൊഴിപ്പിക്കുന്നതിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കൈയേറ്റക്കാരെ നിയന്ത്രിക്കാനാവുന്നില്ലെന്നും കൈയേറ്റക്കാർ സർക്കാർഭൂമി മറിച്ചുവിറ്റ് കോടികൾ സമ്പാദിച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പാറക്കെട്ടുകൾക്ക് പട്ടയം നൽകാനാവില്ലെന്നാണ് നിയമമെങ്കിലും ഏക്കറുകണക്കിന് പാറക്കെട്ടുകൾക്ക് പട്ടയം ലഭിച്ചതെങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. സർക്കാർ ഒത്താശയോടെ വൻലോബിയാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു.
കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുപോലെ കാണില്ലെന്നും അർഹതയുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകുമെന്നും മന്ത്രി രാജൻ പറഞ്ഞു. 55,000പേരുടെ വിവരശേഖരണം നടത്തി. ഇടുക്കിയിലെ പട്ടയവിതരണം നിറുത്താനുള്ള കോടതി ഉത്തരവിനെതിരെ സർക്കാർ സത്യവാങ്മൂലം നൽകിയെന്നും വ്യക്തമാക്കി.
'പിന്നിൽ രാഷ്ട്രീയ
സ്വാധീനമുള്ളവർ'
വ്യാജപട്ടയമുണ്ടാക്കി ആയിരക്കണക്കിന് സർക്കാർ ഭൂമി കൈയേറിയെന്ന് റിപ്പോർട്ടുകൾ കിട്ടിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് വി.ഡി.സതീശൻ. കൈയേറ്റക്കാർ പാറപൊട്ടിച്ച് പത്തുമീറ്റർ വീതിയിൽ റോഡുണ്ടാക്കി. ചിന്നക്കനാലിൽ ആദിവാസികൾക്ക് നൽകിയ ഭൂമി കൈയേറി. സർക്കാർ പുറമ്പോക്കിൽ പാറഖനനം നടത്തുന്ന പ്രധാനിയുടെ കുടുംബാംഗത്തെക്കുറിച്ച് പരാതി കിട്ടിയിരുന്നു. പിറ്റേന്ന് ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലംമാറ്റി. കൈയേറ്റങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രധാനപ്പെട്ട ആളുകളാണ്.
'കൈയേറ്റക്കാരോട്
അടിയറവ് പറയില്ല'
ഏലമലക്കാടുകൾ പൂർണമായി റിസർവ് വനമല്ലെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ.രാജൻ. ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾ ഏപ്രിലിൽ പാസാക്കും. കൈയേറ്റക്കാർക്കെതിരെ തുടർച്ചയായ അന്വേഷണം നടത്തി നടപടിയെടുക്കും. കൈയേറ്റം സ്ഥിരീകരിച്ചാൽ ശക്തമായ നടപടിയെടുക്കും. കൈയേറ്റക്കാരോട് സർക്കാർ അടിയറവ് പറയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |