തൊടുപുഴ: ചെക്ക് കേസിൽ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിൾ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയും ഏജന്റും വിജിലൻസിന്റെ പിടിയിൽ.
പാലാ സ്വദേശിയായ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയുമാണ് ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിൽ ഇടുക്കി വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരിൽ
തൊടുപുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള ചെക്ക് കേസിൽ വാറന്റായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ 10,000 രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് പ്രദീപ് ജോസ് ഇക്കഴിഞ്ഞ 12ന് ആവശ്യപ്പെട്ടു. വിദേശത്തുള്ള സുഹൃത്ത് നിർദേശിച്ച പ്രകാരം പരാതിക്കാരൻ തൊട്ടടുത്ത ദിവസം പ്രദീപ് ജോസിനെ ഫോണിൽ വിളിച്ചപ്പോൾ ഏജന്റായ റഷീദിന്റെ ഗൂഗിൾ പേ നമ്പർ അയച്ചു കൊടുത്തശേഷം പണം അയയ്ക്കാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ 17ന് എസ്.ഐയെ വിളിച്ചപ്പോൾ പണം വൈകിട്ട് അയക്കണമെന്നും അയച്ചശേഷം അറിയിക്കണമെന്നും പറഞ്ഞു. പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിയെ അറിയിച്ചു. ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ സി.ഐമാരായ ഫിലിപ് സാം, ബിൻസ് ജോസ് എന്നിവർ ഉൾപ്പെട്ട വിജിലൻസ് സംഘം ഏജന്റിനെയും എസ്.ഐയെയും നിരീക്ഷണത്തിലാക്കി.
ഗൂഗിൾ പേയിൽ പണം അയച്ചതിനു പിന്നാലെ, ആയിരം രൂപ കമ്മിഷൻ എടുത്തശേഷം നോട്ടുകളായി നേരിട്ട് കൈമാറാൻ ഏജന്റ് എസ്.ഐയുടെ വാടക വീട്ടിലെത്തി. തിങ്കളാഴ്ച രാത്രി 10.30ന് വണ്ടിപ്പെരിയാർ 63-ാം മൈലിലെ പ്രദീപ് ജോസിന്റെ വാടക വീട്ടിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |