കോട്ടയം: കോളനിയിലേക്കുള്ള പൊതുവഴി അളക്കാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മ പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്തു. മുട്ടേൽ കോളനി സ്വദേശി ശ്യാമളയാണ് അയ്മനം പഞ്ചായത്ത് ഓഫീസ് ആക്രമിച്ചത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. ജീവനക്കാരെത്തും മുമ്പായിരുന്നു അക്രമം. ഇലക്ട്രീഷ്യൻ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.
കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്ന ഇരുമ്പു കമ്പിയുപയോഗിച്ച് സെക്രട്ടറിയുടെയും ഓഫീസിന്റെ ചില്ലാണ് ശ്യാമള ആദ്യം തകർത്തത്. പിന്നാലെ പ്രസിഡന്റ് വിജി രാജേഷിന്റെയും വൈസ് പ്രസിഡന്റ് മനോജ് കരീമഠത്തിന്റെയും ഓഫീസുകളുടെ കാബിനുകളും തകർത്തു. ഓഫീസിന്റെ മറ്റു ഭാഗങ്ങളും അക്രമിച്ചു. ഇലക്ട്രീഷ്യൻ തടയാൻ ശ്രമിച്ചെങ്കിലും ശ്യാമള രക്ഷപ്പെട്ടു. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായ ശ്യാമളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം ചേർന്നു.
20 കുടുംബങ്ങൾ താമസിക്കുന്ന കോളനി
20 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്കുള്ള വഴി അളക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ ശ്യാമള പരാതി നൽകിയിരുന്നു. തന്റെ പരാതികളിലും നിവേദനങ്ങളിലും നടപടിയാകാത്തതിനെ തുടർന്നാണ് ഓഫീസ് ആക്രമിച്ചതെന്ന് ശ്യാമള പൊലീസിനോട് പറഞ്ഞു. പഞ്ചായത്തിന്റെ പ്രവർത്തനം മോശമാണെന്നും ശ്യാമള ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |