പത്തനംതിട്ട : വന്യജീവി ആക്രമണത്തിനെതിരെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ 27ന് ഡൽഹിയിൽ നടത്തുന്ന ധർണയ്ക്ക് മുന്നോടിയായുള്ള മലയോര ജാഥ 20,21 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1972ലെ കേന്ദ്ര വനംവന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നും വന്യജീവി ആക്രമണങ്ങൾ തടയാൻ ശാസ്ത്രീയമായ നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടാണ് ഡൽഹിയിൽ ധർണ നടത്തുന്നത്. ജില്ലയിൽ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളിലുടെയാണ് ജാഥ. 20ന് വൈകിട്ട് 5ന് മല്ലപ്പള്ളിയിൽ കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 9ന് അത്തിക്കയത്ത് ആരംഭിച്ച് വൈകിട്ട് 5ന് തേക്കുതോട്ടിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സജി അലക്സ്, വൈസ് പ്രസിഡന്റ് പി.കെ.ജേക്കബ്, ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് ഏബ്രഹാം, ജേക്കബ് ഇരട്ടപ്പുളിക്കൻ, മാത്യു മരോട്ടിമൂട്ടിൽ, സാം ജോയികുട്ടി എന്നിവർ പെങ്കടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |