തൃശൂർ: ഓപറേഷൻ ക്ലീൻ സ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ഈ മാസം അഞ്ച് മുതൽ 17 വരെ ജില്ലയിൽ നിന്നും പിടികൂടിയത് 30 ലക്ഷത്തിലേറെ വിലവരുന്ന ലഹരി വസ്തുക്കൾ. 479 റെയ്ഡുകളിൽ 52 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂൾ പരിസരം, ബസ് സ്റ്റാൻഡ്, ലേബർ ക്യാമ്പ്, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. ഓപറേഷൻ ക്ലീൻ സ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മാർച്ച് അഞ്ച് മുതൽ 12 വരെയുള്ള ഒരാഴ്ചയ്ക്കിടെ രണ്ടുകോടിയോളം രൂപയുടെ മയക്കുമരുന്നുകൾ പിടികൂടിയിരുന്നു. ആദ്യം ഈ മാസം 12 വരെ നിശ്ചയിച്ചിരുന്ന ഡ്രൈവ് ഒരാഴ്ച കൂടി നീട്ടുകയായിരുന്നു. പരിശോധനകൾ ഇന്ന് സമാപിക്കുമെങ്കിലും വനംവകുപ്പുമായി ചേർന്ന് ജില്ലയിലെ വനാതിർത്തി മേഖലകളിൽ തുടരാനാണ് ജില്ലാ എക്‌സൈസിന്റെ തീരുമാനം. തൃശൂർ നഗരത്തിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമാണ് ലഹരി മയക്കുമരുന്ന് ഉത്പന്നങ്ങൾ കൂടുതലായും കണ്ടെത്തിയത്.
ചൊക്കനാട്ട് കഞ്ചാവ് തോട്ടം?
അതിരപ്പിള്ളി രണ്ടുകൈ മേഖലയ്ക്ക് അപ്പുറമുള്ള ചൊക്കനാട് പ്രദേശത്ത് കഞ്ചാവ് തോട്ടമുണ്ടെന്ന മുൻവിവരത്തിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിലും റെയ്ഡ് നടത്തുമെന്ന് എക്‌സൈസ് അധികൃതർ. ഇവിടെ കഞ്ചാവ് തോട്ടമുണ്ടെന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ അന്ന് വനംവകുപ്പുമായി ചേർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. വർഷകാലത്തിന് ശേഷം സെപ്തംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് കഞ്ചാവ് പ്ലാന്റേഷൻ കൂടുതലായും കാണാറുള്ളതെന്നും കൊടുംവേനലിൽ ഉണ്ടാകാറില്ലെന്നുമാണ് എക്‌സൈസ് അധികൃതർ പറയുന്നത്.
ഓപറേഷൻ ക്ലീൻ സ്റ്റേറ്റ് ജില്ലയിൽ
റെയ്ഡുകൾ: 479
വാഹന പരിശോധനകൾ: 1865
രജിസ്റ്റർ ചെയ്ത കേസുകൾ: 52
പിടികൂടിയ പ്രതികൾ: 50
പിടികൂടിയ ലഹരി വസ്തുക്കൾ
കഞ്ചാവ്: 19 കിലോ
ഹെറോയിൻ: 50 ഗ്രാം
ബ്രൗൺ ഷുഗർ: 3.5 ഗ്രാം
ഹാഷിഷ് ഓയിൽ: 8 ഗ്രാം
എം.ഡി.എം.എ: 4.354 ഗ്രാം
മെറ്റാഫിറ്റമിൻ: 5.87 ഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |