ഗുരുവായൂർ: നാരായണ നാമജപ മന്ത്രമുഖരിതമായ ക്ഷേത്ര സന്നിധിയിൽ നഗരപ്രദക്ഷിണത്തിന് ഭഗവാനിറങ്ങി. നാദവിസ്മയത്തിന്റെ അകമ്പടിയിൽ ആനപ്പുറത്തെഴുന്നള്ളിയ നാരായണനെ കാണാൻ ജനലക്ഷങ്ങളും. ഇന്ന് ഗുരുവായൂർ ആറാട്ടാണ്. ഇന്നലെ പള്ളിവേട്ട സുദിനത്തിൽ കൊടിമരത്തറയ്ക്ക് സമീപമായിരുന്നു ദീപാരാധന. ആറോടെ ഗുരുവായൂരപ്പനെ കൊടിമരത്തറയ്ക്ക് സമീപം സ്വർണ്ണപഴുക്കാ മണ്ഡപത്തിലെഴുന്നള്ളിച്ച് വെച്ചു. ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരി നമ്പൂതിരിയാണ് ദീപാരാധന നടത്തിയത്. തുടർന്ന് ഗ്രാമപ്രദക്ഷിണത്തിനായുള്ള സ്വർണ്ണക്കോലത്തിൽ എഴുന്നള്ളിപ്പ്.
ദേവസ്വം ആനത്തറവാട്ടിലെ ദാമോദർ ദാസ് സ്വർണ്ണക്കോലമേറ്റി. ചെന്താമരാക്ഷൻ, വിഷ്ണു, അക്ഷയ് കൃഷ്ണ, രവികൃഷ്ണൻ എന്നീ കൊമ്പന്മാർ പറ്റാനകളായി. പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് എന്നിവരുടെ പ്രമാണത്തിൽ പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. വാളും പരിചയുമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരന്മാർ, കൊടി, തഴ, സൂര്യമറ എന്നിവയോടെയായിരുന്നു എഴുന്നള്ളിപ്പ്.
ശർക്കര, പഴം, അവിൽ, മലർ എന്നിവ നിറപറയിൽ നിറച്ച് നിലവിളക്കും വെച്ച് വഴിനീളെ ഭക്തജനങ്ങൾ എതിരേറ്റു. പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ ഗോപുരത്തിൽ കൂടി ക്ഷേത്രമതിലകത്ത് പ്രവേശിച്ച എഴുന്നള്ളിപ്പ് പ്രദക്ഷിണമായി വടക്കേ നടപ്പുരയിലെത്തി അവസാനിച്ചു. തുടർന്ന് പള്ളിവേട്ട ചടങ്ങായിരുന്നു. ആചാരക്രമമനുസരിച്ച് പുതിയേടത്ത് പിഷാരടി മൂന്ന് പ്രാവശ്യം ''മാനുഷങ്ങൾ ഹാജരുണ്ടോ'' എന്ന് വിളിച്ചുചോദിച്ചു. അതോടെയായിരുന്നു വിവിധ പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ ഭക്തജനങ്ങൾ കൂട്ടത്തോടെ ആർപ്പുവിളിച്ച് ക്ഷേത്രത്തിനകത്തേക്ക് ഓട്ടം തുടങ്ങിയത്. തൊട്ടുപിറകിലായി ഭഗവാന്റെ തിടമ്പേറ്റിയ ആനയും. പ്രദക്ഷിണം പൂർത്തിയാക്കിയശേഷം ഭഗവാൻ വേട്ടയാടി പിടിച്ചുവരുന്ന മൃഗത്തെയെന്ന് സങ്കൽപ്പിച്ച് പന്നിവേഷം കെട്ടിയ ദേവസ്വം പ്രതിനിധിയെ തണ്ടിലേറ്റി. ഇതോടെയാണ് പള്ളിവേട്ട ചടങ്ങുകൾക്ക് സമാപനമായത്.
തുടർന്ന് ഗുരുവായൂരപ്പനെ പള്ളിയുറക്കത്തിനായി എഴുന്നള്ളിച്ചതോടെ ഭക്തജനതിരക്കും ഒഴിഞ്ഞു. ഇന്ന് രാവിലെയോടെ ക്ഷേത്ര സന്നിധിയിൽ വീണ്ടും തിരക്കേറും. വൈകിട്ട് നാലരയോടെയാണ് ആറാട്ട് ചടങ്ങാരംഭിക്കുക. നാലരയ്ക്ക് പഞ്ചലോഹവിഗ്രഹം പുറത്തേയ്‌ക്കെഴുന്നള്ളിച്ച് പഴുക്കാമണ്ഡപത്തിൽ വയ്ക്കും. കൊടിമരത്തറയ്ക്കൽ എഴുന്നള്ളിച്ച് വെച്ചശേഷം അവിടെയാണ് ദീപാരാധന. പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയിലാകും എഴുന്നള്ളിപ്പ്. രുദ്രതീർത്ഥക്കുളത്തിന് വടക്ക് ഭാഗത്ത് എഴുന്നള്ളിപ്പെത്തിയാൽ പഞ്ചവാദ്യം അവസാനിക്കും. പിന്നീടാണ് മേളം. ഭഗവതിക്ഷേത്രത്തിലൂടെയാണ് എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തുക. പഞ്ചലോഹത്തിടമ്പിൽ മഞ്ഞൾപ്പൊടി അഭിഷേകമുണ്ട്. തുടർന്ന് ഇളനീർകൊണ്ടുള്ള അഭിഷേകം. അതിനുശേഷം രുദ്രതീർത്ഥത്തിൽ ഇറങ്ങി സ്‌നാനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |