മഞ്ചേരി: നഗരസഭയിലെ വിവിധ സ്ഥലങ്ങളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെയും സ്കൂൾ അധികൃതരുടെയും യോഗത്തിൽ തീരുമാനം. പട്ടർകുളം എ.യു.പി സ്കൂൾ, വടക്കാങ്ങര എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.
സ്കൂളുകളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. സ്ഥാപന തലങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തും. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിൽ അതീവ ജാഗ്രത പുലർത്താനും തിളപ്പിച്ചാറിയ വെള്ളം നൽകാനും തീരുമാനിച്ചു. വിദ്യാർഥികൾ പരസ്പരം ഭക്ഷണവും വെള്ളവും പങ്കിട്ട് കഴിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകളുടെ അടുത്തുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തും.
ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കാനും ടോയ്ലറ്റുകളിൽ പോയി വന്ന വിദ്യാർത്ഥികൾക്ക് സോപ്പിട്ട് കൈകഴുകാനും നിർദേശം നൽകി. പ്രദേശത്ത് ആഴ്ചയിൽ ഒരു ദിവസം ആശാവർക്കർമാരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തും. പനി റിപ്പോർട്ട് ചെയ്ത കുട്ടികളെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് രജിസ്റ്റർ എഴുതി സൂക്ഷിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പി.ടി.എയെ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് നൽകും.
ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം പുതുക്കൊള്ളി, കൗൺസിലർമാരായ എം.കെ. മുനീർ, മജീദ് പുത്തലത്ത്, ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, ഹെൽത്ത് ഇൻസ്പെക്ടർ എം. റഷീദുദ്ധീൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, റിൽജു മോഹൻ, സി. രതീഷ്, സി. നസ്റുദ്ധീൻ, എൻ.ഷിജി, ടി.കെ. വിസ്മയ, എൻ.സി. ആതിര, ശുചിത്വ മിഷൻ യംഗ് പ്രൊഫഷനൽ പി.എം. സ്നേഹ, മെഡി.കോളജ് പി.ആർ.ഒ അലി ബാപ്പു തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |