പുനലൂർ: നിർദ്ധന കുടുംബത്തിന്റെ തിരിച്ചടവ് മുടങ്ങിയ ലോണിന്മേൽ റെപ്കോ ബാങ്ക് സ്വീകരിച്ച ജപ്തി നടപടി തടഞ്ഞ് സി.പി.എം. പുനലൂർ വിളക്കുവട്ടം പാലോട് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞമ്മയ്ക്കും (88) കുടുംബത്തിനുമാണ് ജപ്തി ഭീഷണിയുണ്ടായിരുന്നത്. ഭവന നിർമ്മാണത്തിനും സഹോദരിയുടെ മകൻ പ്രവീണിന് ഗൾഫിൽ ജോലിക്ക് പോകുന്നതിനുമായി 2017 ലാണ് ലോണെടുത്തത്.
ഗൾഫിൽ പോയ പ്രവീൺ ലോൺ കൃത്യമായി തിരിച്ചടച്ചു കൊണ്ടിരിക്കെ ജോലിസ്ഥലത്ത് വച്ച് അപകടം സംഭവിക്കുകയും നാട്ടിലേക്ക് തിരികെ വരികയും ചെയ്തു. കൊവിഡ് കാലം കൂടിയായതോടെ പ്രവീണിന് ജോലിക്ക് പോകാൻ കഴിയാതായി. ലോൺ തിരിച്ചടവ് മുടങ്ങി. കൊവിഡ് കാലത്തിനുശേഷം നിർമ്മാണ ജോലിക്ക് പോയ പ്രവീണിന് വീണ്ടും കാലിന് അപകടം സംഭവിച്ചതോടെ കുഞ്ഞമ്മയും സഹോദരി എസ്തേർ (72), മകൾ ഡെയ്സി എന്നിവരടങ്ങിയ കുടുംബത്തിന്റെ ജീവിതത്തിൽ കരിനീഴൽ വീണു. അതോടെ ബാങ്ക് നടപടികൾ സ്വീകരിച്ചു തുടങ്ങി.
ലോൺ തുക ഇരട്ടിയിലധികം വർദ്ധിച്ച് 33 ലക്ഷം രൂപയായി. തുടർന്ന് ജപ്തി നടപടികൾ സ്വീകരിക്കുന്നതിനായി ഇന്നലെ രാവിലെ ബാങ്ക് അധികൃതർ എത്തിയതോടെയാണ് വിഷയത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയമോഹൻ ഇടപെട്ടത്. വീട്ടിലെത്തിയ എസ്. ജയമോഹൻ ബാങ്ക് അധികൃതരുമായി ചർച്ച നടത്തുകയും ജപ്തി നടപടികൾ അനുവദിക്കില്ലെന്നത് സർക്കാർ നിലപാടാണെന്നും പിഴപ്പലിശയിലും പലിശയിലും സാദ്ധ്യമായ കുറവ് നൽകിയാൽ ജനങ്ങളുടെ സഹായത്തോടെ ലോൺ തിരിച്ചടയ്ക്കാൻ കുടുംബത്തെ സഹായിക്കാമെന്നും എസ്. ജയമോഹൻ പറഞ്ഞു. കുടുംബത്തിന്റെ അവസ്ഥ പരിഗണിക്കാതെയുള്ള ബാങ്കിന്റെ നടപടി വെല്ലുവിളിയാണെന്നും ജപ്തി തടയുമെന്നും നിലപാടെടുത്തതോടെ ബാങ്ക് അധികൃതർ അയഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ സാദ്ധ്യമായ ഇളവുകൾ കഴിഞ്ഞുള്ള തുക തവണകളായി തിരികെ അടക്കാമെന്ന വ്യവസ്ഥ ബാങ്ക് അധികൃതർ അംഗീകരിച്ചു. അതോടെയാണ് കുടുംബം ജപ്തി ഭീഷണിയിൽ നിന്ന് ഒഴിവായത്.
ചെയർപേഴ്സൺ കെ. പുഷ്പലത, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. ശ്യാം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് ജി നാഥ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആരോമൽ എന്നിവർ എസ്. ജയമോഹനോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |