കൊല്ലം: ജൽ ജീവൻ മിഷനിലൂടെ കുടിവെള്ള ടാപ്പ് കണക്ഷൻ നൽകുന്നതിൽ സംസ്ഥാനത്ത് ഒന്നാമതായിരുന്ന കൊല്ലത്ത് പദ്ധതി സ്തംഭനത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടെ 840 കുടിവെള്ള ടാപ്പ് കണക്ഷനുകൾ മാത്രമാണ് പദ്ധതിയിലൂടെ നൽകിയത്. കരാർ കുടിശ്ശികയെ തുടർന്ന് ഒരുവർഷത്തിലേറെയായി പദ്ധതി നടത്തിപ്പ് മന്ദഗതിയിലാണെങ്കിലും കണക്ഷൻ നൽകൽ ഇത്രയും ഇടിഞ്ഞത് ആദ്യമാണ്.
ജില്ലയിൽ പദ്ധതിയുടെ കരാറുകാർക്ക് 350 കോടിയോളം രൂപയാണ് കുടിശ്ശികയുള്ളത്. മൂന്നുമാസം മുമ്പ് സംസ്ഥാനതലത്തിൽ ബില്ലുകളുടെ മുൻഗണനാ ക്രമത്തിൽ കുടിശ്ശിക വിതരണം ചെയ്തെങ്കിലും ജില്ലയിലെ കരാറുകാർക്ക് കാര്യമായി പണം ലഭിച്ചില്ല. പൂർത്തിയാക്കിയ പ്രവൃത്തിയുടെ പണം കിട്ടാത്തതിനാൽ പഞ്ചായത്തുകളും വാട്ടർ അതോറിറ്റിയും സമ്മർദ്ദം ശക്തമാക്കിയിട്ടും കരാറുകാർ പുതിയ കണക്ഷനുകൾ നൽകുന്നതിൽ മെല്ലെപ്പോക്കിലാണ്. പദ്ധതിയുടെ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രത്യേക അക്കൗണ്ടിലേക്ക് സംസ്ഥാന സർക്കാർ നീക്കിവയ്ക്കുന്നതിന് തുല്യമായ തുകയേ കേന്ദ്രം നൽകും. സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാന സർക്കാരിന് പദ്ധതിക്കായി പണം കണ്ടെത്താൻ കഴിയാത്തതിനാൽ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ല. സംസ്ഥാന വിഹിതം കണ്ടെത്താൻ നബാർഡ്, ഹഡ്കോ, എൽ.ഐ.സി എന്നിവയിൽ നിന്ന് വായ്പയെടുക്കാനുള്ള ഒരുക്കത്തിലാണ് വാട്ടർ അതോറിറ്റി.
പദ്ധതി ഉണ്ടായിട്ടും പണം
കൊടുത്ത് ജനങ്ങൾ
വേനൽക്കാലത്താണ് വലിയൊരു വിഭാഗം ജനങ്ങൾ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ കൂടുതലായി ആശ്രയിക്കുന്നത്. ഈ വേനലിലും ജൽ ജീവൻ മിഷനിൽ നിന്നുള്ള കണക്ഷൻ കിട്ടാത്തതിനാൽ ജനങ്ങൾ സ്വന്തം നിലയിൽ പണമടച്ച് കുടിവെള്ള കണക്ഷൻ എടുക്കേണ്ട അവസ്ഥയിലാണ്. ജൽ ജീവൻ മിഷൻ പദ്ധതിയുള്ളതിനാൽ പഞ്ചായത്തുകളും കുടിവെള്ള കണക്ഷൻ നൽകുന്നതിന് കാര്യമായി പദ്ധതി വച്ചിട്ടില്ല. എന്നാൽ പുതിയ സ്ത്രോതസുകളില്ലാത്തതിനാൽ പദ്ധതിയിലൂടെ നൽകിയ പുതിയ കണക്ഷനുകളിൽ കാര്യമായി കുടിവെള്ളം എത്തുന്നില്ല.
പദ്ധതി തുടങ്ങിയത്-2019 ആഗസ്റ്റിൽ
കാലാവധി-2028 വരെ നീട്ടി
ലക്ഷ്യമിട്ട കണക്ഷൻ-471594
നൽകിയത്-307971
പദ്ധതി-68 പഞ്ചായത്തുകളിൽ
10 പഞ്ചായത്തുകളിൽ-100%
കുടിശ്ശിക തുക കിട്ടാത്തതിനാൽ കരാറുകാർ മെല്ലെപ്പോക്കിലാണ്. വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പരമാവധി കണക്ഷൻ നൽകണമെന്ന് കരാറുകാരോട് ആവശ്യപ്പെടുന്നുണ്ട്.
വാട്ടർ അതോറിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |