വ്യാജ സിമ്മുകളും എ.ടി.എം കാർഡുകളും പിടിച്ചെടുത്തു
ആലപ്പുഴ: ഓട്ടോമൊബൈൽ വർക്ക്ഷോപ്പിന്റെ മറവിൽ വ്യാജസിമ്മും എ.ടി.എം കാർഡും ഉപയോഗിച്ച് ലഹരിക്കടത്തിന് ഗൂഢാലോചനയും സാമ്പത്തിക സഹായവും നൽകിയ മുഖ്യപ്രതികൾ അറസ്റ്റിൽ. വള്ളികുന്നം വളയങ്ങനാട്ട് വീട്ടിൽ ജിതിൻ വിമൽ (26), ചൂനാട് മുറിയിൽ ഗൗരി ഭവനം വീട്ടിൽ പി.എസ്.സുനിൽ എന്നിവരാണ് പിടിയിലായത്. സുനിൽ ചൂനാട് ജംഗ്ഷൻ കേന്ദ്രീകരിച്ച് നടത്തുന്ന ഓട്ടോ പോയിന്റ് എന്ന വർഷോപ്പിന്റെ മറവിലായിരുന്നു നിയമലംഘനങ്ങൾ നടത്തിവന്നത്. 2024 ആഗസ്റ്റ് രണ്ടിന് കൊമ്മാടി ബൈപ്പാസ് ജംഗ്ഷന് സമീപം കാറിൽ പതിനെട്ട് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ അലിഫ് ഷാ, മുഹമ്മദ് ബാദുഷ, അജിത്ത് പ്രകാശ് എന്നിവർ പിടിയിലായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ മൂന്നുപേർക്കും ഒറീസയിൽ നിന്ന് കഞ്ചാവ് സംഘടിപ്പിച്ചു കൊടുത്തത് വള്ളികുന്നം സ്വദേശി ജിതിൻ വിമലാണെന്ന് വ്യക്തമായി. കഞ്ചാവ് വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകിയത് വർക്ക്ഷോപ്പ് നടത്തിപ്പുകാരാനയ സുനിലാണ്. വർക്ക്‌ഷോപ്പിന്റെ മറവിലാണ് ഇയാൾ ജില്ലയ്ക്കു അകത്തും പുറത്തുമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഓട്ടോ മൊബൈൽ വർക് ഷോപ്പിന്റെ പേരിലായിരുന്നു നൽകിയിരുന്നത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് വ്യാജ അക്കൗണ്ടുകൾ വഴിയാണ്. ചൂനാട് സ്വദേശിയായ യുവതിയുടെ എ.ടി.എം കാർഡ് തന്ത്രപൂർവ്വം കൈക്കലാക്കി ഉപയോഗിച്ചിരുന്നു. അഞ്ചോളം ആളുകളുടെ എ.ടി.എംകാർഡുകളും സിമ്മുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. ഇവയെല്ലാം മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യവഹരങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും എക്‌സൈസ് സ്‌ക്വാഡിന്റെയും സൈബർ സെല്ലിന്റെയും സംയുക്ത പരിശോധനയിൽ ചൂനാട് ഭാഗത്ത് വച്ച് സുനിലിനെയും വള്ളികുന്നം ഭാഗത്തുവച്ച് ജിതിനെയും ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അശോകകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |