ആലപ്പുഴ: 2015 നവംബർ 6 തീയതി മുതൽ കാണാതായ ഹരിപ്പാട് താമല്ലാക്കൽ തെക്ക് പുത്തൻവീട്ടിൽ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്ന് ആരോപിച്ച് മാതാവ് രമ കോടതിയെ സമീപിച്ചതോടെ സംഭവം വീണ്ടും ചർച്ചയാകുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷണം ആരംഭിക്കുകയും കുമാരപുരം പൊത്തപ്പള്ളി വടക്ക് കായൽവാരത്തു വീട്ടിൽ കിഷോറിന്റെ (39) വീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശനിർമ്മിത തോക്കും 53വെടിയുണ്ടകളും കണ്ടെടുക്കുകയും ചെയ്തതോടെ രാകേഷിന്റെ തിരോധനം വീണ്ടും സജീവമായി.രാകേഷിന്റെ
വിയോഗത്തിൽ നീറി കഴിയുന്ന അമ്മ രമ കേരളകൗമുദിയോട് മനസ് തുറക്കുന്നു.
സംഭവ ദിവസം രാത്രി 7 മണിയോടെ രാകേഷ് ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു. അപ്പോൾ ഫോൺ കാൾ വരികയും ഉടൻ വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോകുകയുമായിരുന്നു.
9 മണിക്ക് ഫോൺ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വെളുപ്പിനെ ഒരു മണിക്കും, 3.30നും വിളിച്ചപ്പോളും അത് തന്നെയാണ് കേട്ടത്. മുമ്പ് ഒരുകേസിൽ പെട്ടതിനാൽ ഇടയ്ക്കൊക്കെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോകുമായിരുന്നു. അങ്ങനെ പോയതാകാമെന്നാണ് കരുതിയത്. രാവിലെ സ്റ്റേഷനിൽ വിളിച്ചു തിരക്കിയെങ്കിലും അവിടെ ഇല്ലെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വീടിന് തെക്ക് വശത്തെ റോഡിൽ നിരവധി പൊലീസുകാരും നാട്ടുകാരും കൂടി നിൽക്കുന്നത് കണ്ടു. അവിടേക്ക് ചെന്ന് നോക്കിയപ്പോൾ റോഡിന്റെ വശത്ത് രക്തം തളം കെട്ടിക്കിടക്കുന്നതു കണ്ടു. അടുത്തേക്ക് പോകാൻ പൊലീസ് അനുവദിച്ചില്ല. അല്പം മാറി രാകേഷിന്റെ മുടിയും ബന്ധുക്കൾ കണ്ടിരുന്നു. രാകേഷ് മുടി നീട്ടി വളർത്തിയിരുന്നു. കണ്ടവർ അത് അവന്റെ മുടി ആണെന്ന് പറഞ്ഞിരുന്നു. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
ഡി.എൻ.എ പരിശോധന നടത്തിയെങ്കിലും റിസൾട്ടിനെ പറ്റി പൊലീസ് ഒന്നും പറഞ്ഞില്ല. കഴിഞ്ഞ ആഴ്ചത്തെ പത്രവാർത്തകളിൽ നിന്നാണ് മകന്റെ രക്തമാണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായെന്ന് അറിഞ്ഞതെന്ന് രമ പറയുന്നു.
പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധം
ആശാരിപ്പണിക്കാരനായ രാകേഷിന് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ഇതിന്റെ പേരിൽ ചിലരുമായി വൈരാഗ്യം ഉണ്ടായിരുന്നു. പണി സ്ഥലത്തുവച്ചുണ്ടായ തർക്കം കത്തിക്കുത്തിലാണ് അവസാനിച്ചത്. ഇതിൽ കേസുകൾ ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊന്നതാണെന്ന് എനിക്ക് ഉറപ്പാണ്.
ഹരിപ്പാട് സ്വദേശികളായ ഏഴ് പേരും അവരുടെ കൂട്ടാളികളും ചേർന്ന് തന്റെ മകനെ കൊന്ന് മറവ് ചെയ്തിരിക്കുകയാണ്. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച രക്തവും മുടിയും രാകേഷിന്റെയാണ്. പ്രതികളുടെ പണത്തിന്റെയും ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെയും സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുകയാണ്. അതു കൊണ്ടാണ് കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിളിച്ചു വരുത്താൻ കോടതി ഉത്തരവിടുകയും ചെയ്തു. അഡ്വ.പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് കോടതിയിൽ ഹാജരായത്. കായംകുളം ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ നടക്കുന്ന നിലവിൽ അന്വേഷണത്തിൽ വിശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |