ചെന്നൈ: പ്രായമായവരെ സംരക്ഷിച്ചില്ലെങ്കിൽ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇഷ്ടദാനം നൽകിയ ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ എസ്.എം സുബ്രഹ്മണ്യം, കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നിരീക്ഷണം. എസ്. നാഗലക്ഷ്മി എന്ന സ്ത്രീയുടെ മരുമകൾ സമർപ്പിച്ച അപ്പീൽ തള്ളിയാണ് വിധി. വയസുകാലത്ത് സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതിച്ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയും.
ജീവിതകാലം മുഴുവൻ പരിപാലിക്കുമെന്ന് കരുതിയാണ് നാഗലക്ഷ്മി മകൻ കേശവന്റെ പേരിൽ ഇഷ്ടദാനം എഴുതിനൽകിയത്. എന്നാൽ മകൻ അവരെ പരിപാലിച്ചില്ല. മകന്റെ മരണശേഷം മരുമകളും അവഗണിച്ചു. തുടർന്ന് നാഗലക്ഷ്മി നാഗപട്ടണം ആർ.ഡി.ഒയെ സമീപിച്ചു.
സ്‌നേഹവും വാത്സല്യവും കൊണ്ട് മകന്റെ ഭാവിക്ക് വേണ്ടിയാണ് തന്റെ സ്വത്ത് ഇഷ്ടദാനമായി എഴുതി നൽകിയത്. തുടർന്ന് മരുമകൾ മാലയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ആർ.ഡി.ഒ ഇഷ്ടദാനം റദ്ദ് ചെയ്തു. ഇത് ചോദ്യം ചെയ്തുകൊണ്ട് മാല ഹർജി ഫയൽ ചെയ്തു. എന്നാൽ ഹർജി കോടതി തള്ളി. ഇതിനെതിരെ മാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2007 ലെ സെക്ഷൻ 23(1) മാതാപിതാക്കളുടേയും മുതിർന്ന പൗരൻമാരുടേയും സംരക്ഷണത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് കേസ് പരിഗണിക്കുന്നതിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |