മാന്നാർ: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചു വരുത്തി മർദ്ദിച്ച സംഭവത്തിൽ കാപ്പാ കേസ് പ്രതി ഉൾപ്പെടെ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ ജോജി ഭവനിൽ ജോർജി ഫ്രാൻസിസ് (24) ,മാന്നാർ കുരട്ടിശേരി കോവുംപുറത്ത് തെക്കേതിൽ തൻസീർ (27) എന്നിവരാണ് പിടിയിലായത്. മാർച്ച് 16 ന് വൈകിട്ട് മാന്നാർ ആലുമൂട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. മാന്നാർ വലിയകുളങ്ങരയിൽ താമസിക്കുന്ന രജിത്തിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ രജിത്തിന്റെ വലത് കാലിന് ഒടിവും മൂക്കിന്റെ പാലത്തിന് പൊട്ടലും സംഭവിച്ചിരുന്നു രജിത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിടിയിലായ പ്രതികളിൽ ഒരാളായ ജോർജി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ വകുപ്പ് ചുമത്തപ്പെട്ട ആളുമാണ്. മറ്റൊരു പ്രതിയായ തൻസീറിന്റെ പേരിലും മാന്നാർ പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുള്ളതായും, രജിത്ത് ഉൾപ്പെട്ട ഒരു കേസിന്റെ വിവരങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നത്. മാന്നാർ എസ്.ഐ അഭിരാം സി.എസ്, എ.എസ്.ഐ റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരിപ്രസാദ്, അഭിരാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |