കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.
തന്ത്രപ്രധാനമായ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ച ശേഷമാണ് ഗവർണർ അമിത് ഷായെ കാണാനെത്തിയത്.
ആദ്യ രണ്ടുവർഷങ്ങളിൽ അക്രമങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഗവർണർ ഇപ്പോൾ അതിർത്തികളിൽ വർദ്ധിച്ചുവരുന്ന അക്രമപ്രവർത്തനങ്ങൾക്കും സർവകലാശാലകളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കുമെതിരെയുള്ള നടപടികളിലാണ് ശ്രദ്ധയൂന്നുന്നത്.
മയക്കുമരുന്ന്, ആയുധം, വ്യാജ കറൻസി, വന്യജീവി ഉത്പന്നങ്ങൾ എന്നിവയുടെ കള്ളക്കടത്തും മനുഷ്യക്കടത്തും തീവ്രവാദപ്രവർത്തനങ്ങളും തടയുന്നതിന് അതിർത്തിഗ്രാമങ്ങളിൽ സായുധസേന, സർക്കാർ സംവിധാനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ നടത്തുന്ന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും നിരീക്ഷിക്കുകയായിരുന്നു ഗവർണറുടെ പ്രധാന സന്ദർശനോദ്ദേശ്യം. കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും. ജനുവരി ആദ്യവാരം നോർത്ത് 24 പർഗാനാസ് ജില്ലയിൽ സുന്ദർബൻ മേഖലയിലെ ബാങ്ക്രയും രണ്ടാം വാരം പൂർബ ബർദ്ധമാനിൽ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശവും ഡോ ആനന്ദബോസ് സന്ദർശിച്ചു. അഭ്യൂഹങ്ങളും ആശങ്കകളും നിലനിൽക്കുന്ന ഭാരത നേപ്പാൾ, ഭാരതഭൂട്ടാൻ അതിർത്തിമേഖലകളിലായിരുന്നു മാർച്ച് ആദ്യവാരത്തിലെ പര്യടനം. ആ സന്ദർശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബി.എസ്.എഫിന്റെ ഫ്‌ളോട്ടിംഗ് ബോർഡർ ഔട്ട്‌പോസ്റ്റുകൾ, ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുർദ്വാർ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, കിഴക്കൻ നേപ്പാളിലേക്കുള്ള പ്രവേശന കവാടമായ പാണിറ്റാങ്കി ഔട്ട്‌പോസ്റ്റിന് കീഴിലെ പഴയ മേച്ചി പാലം, ചെക്ക്‌പോസ്റ്റ്, ഗോർസിംഗ് ബസ്ടി അതിർത്തി ഔട്ട്‌പോസ്റ്റ്, സശസ്ത്ര സീമാ ബലിന്റെ (ടടആ) സിലിഗുരി ഫ്രണ്ടിയർ ബറ്റാലിയന്റെ പ്രവർത്തനമേഖല, ഝാഡ്ഗ്രാം ജില്ലയിൽ ഗോവിന്ദപൂരിലെ ഗോത്രവർഗപ്രദേശം എന്നിവ നിരീക്ഷിച്ച ഗവർണർ സേനാമേധാവികൾ, ഗ്രാമവാസികൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി നിർണായക വിവരങ്ങൾ ശേഖരിച്ചു.
സിലിഗുരി ഇടനാഴിയിൽ സശസ്ത്ര സീമാ ബലിന്റെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷാ ജാഗ്രതാ പ്രവർത്തനങ്ങളും ഗവർണർ വിലയിരുത്തി.തീവ്രവാദത്തിന്റെയും വിഘടനപ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമായിരുന്ന 'ചിക്കൻ നെക്ക്' മേഖലയിൽ കുറഞ്ഞകാലയളവിൽ നൂറുകണക്കിനാളുകളെ അതിർത്തിസേന പിടികൂടുകയും അതിക്രമങ്ങൾ തടയുകയും ചെയ്തിരുന്നു.
അതിർത്തി ഗ്രാമസമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ ഒരു 'അമാർ ഗ്രാം ആ്ര്രകിവിറ്റീസ് മോണിറ്ററിംഗ് സെൽ' സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |