ന്യൂഡൽഹി:ഛത്തീസ്ഗഢിലെ ബീജാപൂർ, കാങ്കർ ജില്ലകളിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന മുപ്പത് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഢ് ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി) ജവാൻ വീരമൃത്യു വരിച്ചു. മാവോയിസ്റ്റുകളിൽ നിന്ന് വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
ഗംഗലൂരിലെ ബിജാപൂർ-ദന്തേവാഡ അതിർത്തിയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് 26 മാവോയിസ്റ്റുകളെ വധിച്ചത്. ഇവിടെയാണ് ജവാൻ വീരമൃത്യു വരിച്ചതും. രാവിലെ ഏഴോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നു. ഇരുവശത്തും കനത്ത വെടിവയ്പുണ്ടായി.
കൊല്ലപ്പെട്ട 26 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ബിജാപൂർ പൊലീസ് സ്ഥിരീകരിച്ചു. വൻതോതിലുള്ള ആയുധശേഖരവും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. പരിസരത്ത് കൂടുതൽ മാവോയിസ്റ്റുകൾ ഒളിച്ചിരിപ്പുണ്ടെന്ന സൂചനയെ തുടർന്ന് പരിശോധന തുടരുകയാണ്. ഡി.ആർ.ജിക്കൊപ്പം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്), സി.ആർ.പി.എഫ് എന്നിവയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
കാങ്കർ ജില്ലയിലെ ഛോട്ടെബെതിയയിലുള്ള കൊറോസ്കോഡോ ഗ്രാമത്തിന് സമീപം നടന്ന മറ്റൊരു വെടിവയ്പ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ശക്തമായ ഏറ്റുമുട്ടലുണ്ടായി.
അതിനിടെ ഛത്തീസ്ഗഢ് ബസ്തർ ഡിവിഷനിലുള്ള നാരായൺപൂർ ജില്ലയിലെ അബുജ്മർ വനത്തിൽ മാവോയിസ്റ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിൽ ജില്ലാ റിസർവ് ഗാർഡ്സ് സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
ദയയില്ലാ സമീപനം:
അമിത് ഷാ
അടുത്ത വർഷം മാർച്ച് 31 ഓടെ രാജ്യം മാവോയിസ്റ്ര് പ്രവർത്തനങ്ങളിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇന്നലെ ഛത്തീസ്ഗഢിൽ സൈനികർ നേടിയ വിജയം അതിന്റെ ഭാഗമാണ്. 'മാവോയിസ്റ്ര് മുക്ത് ഭാരത് അഭിയാന്റെ" ഭാഗമായി നമ്മുടെ സൈനികർ മറ്റൊരു വലിയ വിജയം നേടി. ബിജാപൂരിലും കാങ്കറിലും 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അവസരം ലഭിച്ചിട്ടും കീഴടങ്ങാൻ വിസമ്മതിക്കുന്ന മാവോയിസ്റ്റുകളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരു ദയയുമില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |