തിരുവനന്തപുരം: വൃക്ഷ സംരക്ഷണം,മാലിന്യ സംസ്കരണം,ജൈവ പച്ചക്കറി കൃഷി എന്നിങ്ങനെ പഠനത്തോടൊപ്പം മൂന്നാം ക്‌ളാസുകാരി ദേവിക നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന വനമിത്ര പുരസ്‌കാരം. വനദിനാഘോഷ ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രനിൽ നിന്നും ദേവിക ഇന്നലെ പുരസ്‌കാരം ഏറ്റുവാങ്ങി. വനമിത്ര പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് കോഴിക്കോട് ലിറ്റിൽ കിംഗ്‌സ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിയായ ദേവിക ദീപക്ക്.
കേരളത്തിലെ വിവിധ ജില്ലകളിലും കർണാടകയിലെ വിവിധ സ്ഥലങ്ങളിലുമായി 571 വിവിധ ഇനത്തിൽപ്പെട്ട വൃക്ഷതൈകൾ ദേവിക ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്.രണ്ടായിരത്തിലധികം വൃക്ഷത്തൈകൾ നടാനായി ദേവികയുടെ ശേഖരത്തിലുണ്ട്. രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ദേവിക മുൻകൈയെടുത്ത് വീട് ഹരിത ഭവനമാക്കി. വീട്ടിലെ അജൈവ മാലിന്യങ്ങൾ വെവ്വേറെ തരം തിരിച്ച് ഹരിതകർമ്മ സേനയ്ക്ക് നൽകുന്നു.ജൈവമാലിന്യങ്ങൾ റിംഗ് കമ്പോസ്റ്റിലിട്ട് വളമാക്കി മാറ്റുന്നു.
ഈ വർഷം ശബരിമലയിലേക്ക് 41 ചന്ദന തൈകളുമായാണ് യാത്ര തിരിച്ചത്. 40 തൈകൾ വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കും. 41 -ാമത്തെ തൈ മാളികപ്പുറം മേൽശാന്തിക്കും നൽകി. ദേവികയുടെ അച്ഛൻ ദീപക്കും അമ്മ സിൻസിയും അനുജൻ നിലനും ചേർന്നതാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |