മടിക്കൈ (കാസർകോട്): മകൾക്ക് അച്ഛന് സല്യൂട്ട് നൽകുവാനും അച്ഛന് മകൾക്ക് സല്യൂട്ട് നൽകുവാനും ഒരേവേദിയിൽ അവസരം കിട്ടുക അപൂർവവും അഭിമാനകരവുമാണ്. അത്തരമൊരു നിമിഷത്തിന് മടിക്കൈ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചു. മടിക്കൈ സ്കൂളിലെയും ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് മടിക്കൈ സ്കൂളിൽ വെച്ചായിരുന്നു നടത്തിയത്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽഎയാണ് കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തും മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും അടക്കമുള്ളവർ സംബന്ധിച്ച പരിപാടിയിൽ ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത് കുമാറും എത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ മകൾ ദേവ്നജിത്ത് കക്കാട്ട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പഠനത്തിൽ മിടുക്കിയായ ദേവ്നജിത്ത് എട്ടാം ക്ലാസ് മുതൽ എസ്.പി സി കേഡറ്റ് ആണ്. പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത 88 സീനിയർ എസ്.പി.സി കേഡറ്റുകൾക്കും ഉപഹാരം സമ്മാനിച്ചിരുന്നു. മുഖ്യാതിഥികളാണ് വിദ്യാർത്ഥികൾക്ക് മാറിമാറി ഉപഹാരം വിതരണം ചെയ്തത്. ദേവ്നയുടെ ഊഴം എത്തിയപ്പോൾ ഉപഹാരം സമ്മാനിക്കാനെത്തിയത് ഇൻസ്‌പെക്ടർ പി. അജിത് കുമാർ. പൊലീസ് വേഷത്തിൽ തൊട്ടുമുന്നിൽ അച്ഛനെ കണ്ടെങ്കിലും ഭാവമാറ്റം കൂടാതെ ചിരിച്ചു കൊണ്ട് ദേവ്ന സല്യൂട്ട് നൽകി. അച്ഛൻ തിരിച്ചും സല്യൂട്ട് നൽകിയപ്പോൾ ഉള്ളിൽ അടക്കിപ്പിടിച്ച സന്തോഷത്തോടെ മകൾ ആ സല്യൂട്ട് സ്വീകരിച്ചു. പൊലീസ് സേനയ്ക്കും എസ്. പി. സി യൂണിറ്റിനും അതൊരു അഭിമാന മുഹൂർത്തവുമായി. എസ്.പി.സി ജില്ലാ അഡീഷണൽ നോഡൽ ഓഫിസർ ടി. തമ്പാൻ, നീലേശ്വരം എസ്.ഐ സി.കെ മുരളീധരൻ, പ്രധാന അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, ജൂനിയർ കേഡറ്റുകൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |