കോഴിക്കോട്: മുൻ ഭാര്യയ്‌ക്ക് നേരെ ആസിഡൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഇരയുടെ മാതാവ്. പ്രശാന്ത് കഴിഞ്ഞ ആഴ്‌ച വീട്ടിലെത്തി അവിടെ നടക്കുന്ന സംഭാഷണങ്ങൾ ഒളിഞ്ഞുകേട്ടു. വീടിന്റെ എയർഹോളിലൂടെ മകളുടെ ഫോട്ടോ എടുത്തു. മുമ്പ് നിരവധി തവണ പൊലീസിൽ പരാതി നൽകി മടുത്തുവെന്നും യുവതിയുടെ മാതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കൊല്ലുമെന്ന് പലതവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു.
ചെറുവണ്ണൂരിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ആസിഡ് ആക്രമണമുണ്ടായത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവം കണ്ടുനിന്ന ആശുപത്രിയിലെ ജീവനക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം മേപ്പയ്യൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ലഹരിക്കടിമയായ പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ മൂന്ന് വർഷം മുമ്പാണ് പ്രബിഷ വിവാഹമോചനം തേടിയത്. വിവാഹമോചനത്തിന് മുമ്പ് യുവതിയും വീട്ടുകാരും നൽകിയ പരാതികളിൽ ബാലുശേരി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് പ്രവിഷയുടെ അമ്മ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |