തിരുവനന്തപുരം : മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായുള്ള നോർക്കയുടെ പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപ്രേം) പദ്ധതിയുടെ ഭാഗമായി ഒൻപത് വർഷത്തിനിടെ 10,526 സംരംഭങ്ങൾ ആരംഭിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
2016 ഏപ്രിൽ മുതൽ 2021 വരെ 6151 സംരംഭങ്ങളും 2021 ഏപ്രിൽ മുതൽ 2025 മാർച്ച് 10 വരെ 4375 സംരംഭങ്ങളുമാണ് ആരംഭിച്ചത്. ഇതിലൂടെ മൂലധ സബ്സിഡി ഇനത്തിൽ 90.35 കോടിയും പലിശ സബ്സിഡി ഇനത്തിൽ 16.06 കോടിയും അടക്കം ആകെ 106.38 കോടി രൂപ സബ്സിഡി നൽകി.പദ്ധതി പ്രകാരം 30 ലക്ഷം വരെയുള്ള സംരഭക പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്സിഡി നൽകുന്നു. പരമാവധി മൂന്ന് ലക്ഷം വരെ നാല് ശതമാനം പലിശ സബ്സിഡിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 19 ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളുടെ 7000 കേന്ദ്രങ്ങളിൽ സേവനം ലഭിക്കും.
ഫയർഫോഴ്സിന് 15 കോടിയുടെ ഏരിയൽ ലാഡർ പ്ലാറ്റ്ഫോം
തിരുവനന്തപുരം : അഗ്നിബാധയുണ്ടാകുമ്പോൾ 60 മീറ്റർ ഉയരത്തിൽ വരെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫയർഫോഴ്സിന് 15കോടി രൂപയുടെ ഏരിയൽ ലാഡർ പ്ലാറ്റ്ഫോം വാങ്ങുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അഗ്നിരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് നോട്ടീസ് നൽകുന്നുണ്ട്. ലൈസൻസിംഗ് അതോറിട്ടിയായ തദ്ദേശസ്ഥാപനങ്ങളെയും ദുരന്തനിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർമാരെയും ഇക്കാര്യങ്ങൾ അറിയിക്കും. ഫയർ ഫോഴ്സ് ആക്ട് പരിഷ്കരിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് ഫയർഫോഴ്സിനെ ചുമതലപ്പെടുത്തുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എൽ.ഡി റാങ്ക് ലിസ്റ്റിൽ 9905പേർക്ക്
നിയമന ശുപാർശയായി :മുഖ്യമന്ത്രി
തിരുവനന്തപുരം:നിലവിലുള്ള എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് 9905 ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ 347 ഒഴിവുകളിലേക്ക് നിയമന ശുപാർശ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി ജൂലൈ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലും ജില്ലാ ഓഫീസുകളിലും പരിശോധന നടത്തി ഒഴിവുകൾ റിപ്പോർട്ട് ചെയ്യിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
വിദേശതൊഴിൽ തട്ടിപ്പ് തടയാൻ കേന്ദ്രം നിലപാട് സ്വീകരിക്കണം : മുഖ്യമന്ത്രി
തിരുവനന്തപുരം:വിദേശത്ത് വീട്ടുജോലിക്ക് പോകുന്നവർ തട്ടിപ്പിന് ഇരയാകുന്നത് ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സംസ്ഥാന സർക്കാർ ബോധവത്കരണ പരിപാടികൾ നടപ്പാക്കുന്നുണ്ട്.വിദേശത്ത് ജോലിക്ക് ചെല്ലുന്നവർക്ക് എംബസി മുഖേന സൗകര്യമൊരുക്കുകയാണ് ഏറ്റവും നല്ല പരിഹാരം. തൊഴിലുടമ എംബസിയുമായി ബന്ധപ്പെട്ട് തൊഴിലാളിയെ സ്വീകരിക്കണം. അങ്ങനെയെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അത് എംബസിയുടെ ഉത്തരവാദിത്വമായിരിക്കും. നിർഭാഗ്യവശാൽ ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വിവിധ ഘട്ടങ്ങളിൽ കേരളം ഇക്കാര്യം ഉന്നയിച്ചതാണെന്നും വീണ്ടും ഇക്കാര്യം കൂട്ടായി ഉന്നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പോളിടെക്നിക് പരീക്ഷ
തിരുവനന്തപുരം: 2015 റിവിഷൻ പ്രകാരം വിവിധ പോളിടെക്നിക് കോളേജുകളിൽ പ്രവേശനം നേടിയെങ്കിലും ഇതുവരെ ഡിപ്ലോമ വിജയിക്കാത്തവർക്ക് (2015, 2016. 2017 വർഷങ്ങളിൽ അഡ്മിഷൻ നേടിയവർ ഉൾപ്പെടെ) സപ്ലിമെന്ററി വിഷയങ്ങൾ 2025 ഏപ്രിൽ പരീക്ഷയോടൊപ്പം എഴുതാം. ഫൈനോടുകൂടി 24 വരെയും സൂപ്പർ ഫൈനോടുകൂടി 26 വരെയും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: www.sbte.kerala.gov.in .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |