#പൊതു സർവകലാശാലകൾക്ക് ആശ്വാസം
തിരുവനന്തപുരം: കേരളത്തിൽ പുതുതായി വരുന്ന സ്വകാര്യ സർവകലാശാലകൾക്ക് സംസ്ഥാനത്തെവിടെയും പുറത്തും ക്യാമ്പസുകൾ തുടങ്ങാമെന്ന വ്യവസ്ഥ ഒഴിവാക്കിയത് പൊതുസർവകലാശാലകൾക്ക് ആശ്വാസമായി. നിലവിലെ രണ്ടു ഡസനോളം കോളേജുകളാണ് സ്വകാര്യസർവകലാശാലയായി മാറാൻ തയ്യാറെടുത്തിരുന്നത്. ഇതിൽ മെഡിക്കൽ, എൻജിനിയറിംഗ്, നിയമ, ഫാർമസി, പാരാമെഡിക്കൽ കോളേജുകളുമുണ്ടായിരുന്നു. . കോളേജുകൾ കൂട്ടത്തോടെ വിട്ടുപോവുന്നത് സർവകലാശാലകളുടെ വരുമാനത്തെ ബാധിക്കുമായിരുന്നു. മൾട്ടി ക്യാമ്പസ് ഇല്ലാതായതോടെ, കോളേജുകളെ കൂട്ടത്തോടെ സ്വകാര്യസർവകലാശാലകളുടെ ക്യാമ്പസുകളാക്കി മാറ്റാനാവില്ല. മൾട്ടിക്യാമ്പസുകളാവാമെന്ന വ്യവസ്ഥയൊഴിവാക്കിയാണ് ബിൽ നിയമസഭ കഴിഞ്ഞദിവസം പാസാക്കിയത്.
ആറ് സ്വാശ്രയ മെഡിക്കൽ കോളേജുകളും ഒരു ഡസനിലേറെ എൻജിനിയറിംഗ് കോളേജുകളും സ്വകാര്യ സർവകലാശാലകളുടെ ഭാഗമായി മാറാനിരുന്നതാണ്. മെഡിക്കൽ, എൻജിനിയറിംഗ്, നിയമം, പാരാമെഡിക്കൽ ഉൾപ്പെടെ എല്ലാ കോഴ്സുകളുമുള്ള മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാണ് സ്വകാര്യമേഖലയിൽ വരുന്നത്. ആസ്ഥാന ക്യാമ്പസിന് പുറത്ത് കേരളത്തിലെവിടെയുമുള്ള എത്ര കോളേജുകളെ വേണമെങ്കിലും ഉപ ,,ക്യാമ്പസുകളായി കൂട്ടിച്ചേർക്കാൻ ആദ്യബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇത് യു.ജി.സി ചട്ടത്തിന് വിരുദ്ധമായതിനാൽ ഒന്നിലധികം ക്യാമ്പസുകളാവാമെന്ന വ്യവസ്ഥ ഒഴിവാക്കി. അതോടെ ,5വർഷം പ്രവർത്തിച്ച ശേഷമേ ഉപക്യാമ്പസുകൾ തുറക്കാനാവൂ.
അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള വരുമാനമാണ് സർവകലാശാലകളിൽ പ്രധാനം. വാർഷിക അഡ്‌മിനിസ്ട്രേഷൻ, അഫിലിയേഷൻ, അധിക ബാച്ചിനും സീറ്രിനുമുള്ള ഫീസ് എന്നിവയാണ് പ്രധാന വരുമാന മാർഗ്ഗം. കേരള സർവകലാശാലയിൽ 7.75ലക്ഷമാണ് അഫിലിയേഷൻ ഫീസ്. കോളേജുകളിൽ പരിശോധന നടത്താൻ 39000 രൂപ ഫീസടയ്ക്കണം. അധിക ബാച്ചിനും സീറ്റു വർദ്ധനയ്ക്കും 78000രൂപയാണ്. വാർഷിക അഡ്‌മിനിസ്ട്രേഷൻ ഫീസ് 50,000 മുതൽ രണ്ടു ലക്ഷം വരെയാണ്. ആരോഗ്യ, സാങ്കേതിക സർവകലാശാലകളിൽ ഫീസ് ഇതിലുമേറെയാണ്. കോളേജുകൾ സ്വകാര്യസർവകലാശാലയായി മാറിയാൽ ഈ വരുമാനം നിലയ്ക്കും.
ഫീസും തോന്നിയപോലെ
സ്വകാര്യസർവകലാശാലയായാൽ ഇഷ്ടം പോലെ ഫീസീടാക്കാമെന്നതാണ് കോളേജുകൾക്കുള്ള മെച്ചം. നിലവിൽ സ്വാശ്രയഎം.ബി.ബി.എസിന് മെരിറ്റിൽ 8.87 ലക്ഷം വരെയാണ് ഫീസ്. എൻ.ആർ.ഐ ക്വോട്ടയിൽ 21,54,720 രൂപയും. ഫീസ് നിശ്ചയിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ സമിതിയുണ്ട്.
അന്യസംസ്ഥാനങ്ങളിലെ മെഡിക്കൽ സർവകലാശാലകളിൽ എം.ബി.ബി.എസിന് 25 ലക്ഷമാണ് ഫീസ്. എൻട്രൻസ് കമ്മിഷണറുടെ മെരിറ്റ് അലോട്ട്മെന്റ് പാലിക്കേണ്ടതില്ല. നീറ്റ് യോഗ്യതയുള്ളവരെ പ്രവേശിപ്പിക്കാം.
''സ്വകാര്യസർവകലാശാലകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കും. അവയോട് ആരോഗ്യകരമായ മത്സരത്തിനുള്ള ശേഷി പൊതുസർവ്വകലാ ശാലകൾക്കുണ്ട്''
-ഡോ.ആർ.ബിന്ദു,
ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |