ഇന്ത്യയും ന്യൂസീലൻഡുമായുള്ള സഹകരണം ഉന്നത വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനപ്പെടും. ഡയറി, ഫുഡ് പ്രോസസിംഗ്, ഫാർമസി മേഖലകളിൽ കൂടുതൽ അവസരങ്ങൾക്കു വഴിയൊരുക്കും. ഓസ്‌ട്രേലിയയുമായുള്ള സഹകരണം മാരിടൈം, ലോജിസ്റ്റിക്‌സ്, വ്യോമയാന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾക്കിടവരുത്തും. ഇന്ത്യയിൽ നിന്ന് പ്രസ്തുത രാജ്യങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ, സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവ ലഭിക്കുന്നതാണ് നിലവിലെ അന്തരീക്ഷം. അടുത്തയിടെ ഒപ്പുവച്ച യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗജന്യ വ്യാപാരക്കരാർ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഏറെ അവസരങ്ങൾക്കിടവരുത്തും. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം,തൊഴിൽ,സ്ത്രീ സമത്വം തുടങ്ങിയ മേഖലകളിൽ ഏറെ സാധ്യതകൾക്കിടവരുത്തും. 10 ലക്ഷം തൊഴിലവസരങ്ങളാണ് അഞ്ചു വർഷക്കാലയളവിൽ പ്രതീക്ഷിക്കുന്നത്.
തൊഴിൽ വിസ എളുപ്പമാകുമെന്ന് പ്രതീക്ഷ
ഇന്നൊവേഷൻ, റിസർച്ച് & ഡെവലപ്‌മെന്റ് എന്നിവയിൽ സാധ്യതകളേറും. ഓഡിറ്റ് & അക്കൗണ്ടിംഗ്, ലീഗൽ, ഐ.ടി, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിൽ കൂടുതലായി ഗവേഷണ, തൊഴിൽ സാധ്യതകൾ രൂപപ്പെടും. മേൽസൂചിപ്പിച്ച രാജ്യങ്ങളിലേക്ക് തൊഴിൽ വിസ എളുപ്പത്തിൽ ലഭിക്കും. നഴ്‌സ്, ചാർട്ടേർഡ് അക്കൗണ്ടന്റ്, എൻജിനിയർ, ഐ.ടി പ്രൊഫഷണൽ, ആർക്കിടെക്ട് എന്നിവർക്ക് തൊഴിലവസരങ്ങളേറും. സൗജന്യ വ്യാപാര കരാറിലുൾപ്പെട്ട ഉത്പന്നങ്ങളുടെ നിർമാണം, വിപണനം, സേവനങ്ങൾ, വ്യാപാര വിനിമയ പ്രശ്‌നങ്ങൾ എന്നിവയിലാണ് കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടുക.
ഫാർമ, മെഡിക്കൽ സേവനം, എൻജിനിയറിംഗ്, ടെക്‌നോളജി മുതലായവയിൽ കൂടുതൽ നിക്ഷേപം വരാനിടയുണ്ട്. സൗജന്യ വ്യാപാരക്കരാർ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യൂറോപ്യൻ രാജ്യങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. പ്രതിവർഷം രണ്ടു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനും ഗവേഷണത്തിനുമായി യൂറോപ്യൻ രാജ്യങ്ങളിലെത്തുന്നത്. എൻജിനിയറിംഗ് ബിരുദധാരികൾക്ക് പ്രസ്തുത രാജ്യങ്ങളിൽ ഗ്രാജുവേറ്റ് പ്രോഗ്രാമിന് ചേരാം. ഐ.ഇ.എൽ.ടി.എസ് മികച്ച സ്‌കോറോടുകൂടി പൂർത്തിയാക്കണം. യൂറോപ്യൻ രാജ്യങ്ങളിൽ ഇന്റേൺഷിപ്പിനും അവസരങ്ങളുണ്ട്. കൂടാതെ സ്‌കോളർഷിപ്, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഉപരിപഠനത്തിന് എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ് പ്രോഗ്രാമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |