മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവയ്ക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച 10 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്തും. ജില്ലയിൽ ലഹരി കേസുകളിൽ പിടിയിലായവരെയും ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും എച്ച്.ഐ.വി പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും വിധേയമാക്കാനായി വളാഞ്ചേരി നഗരസഭയിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ പരിശോധന നടത്തും. കൂടാതെ, അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത് കൂടുതൽ കാര്യക്ഷമമാക്കും. ലഹരി എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ എച്ച്.ഐ.വി സ്ഥിരീകരിച്ച 10 പേർക്കും അവരവരുടെ വീടുകളിൽ ചികിത്സ നൽകുകയാണ്. കൗൺസലിംഗ് സേവനവും നൽകുന്നുണ്ട്.
എച്ച്.ഐ.വി സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശി എന്ന് സംശയിക്കുന്ന വ്യക്തി എടയൂർ പഞ്ചായത്തിലാണ്. വളാഞ്ചേരി നഗരസഭയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് വരുന്നത്.
പൊന്നാനിയിൽ ബിൽഡിംഗ് മെറ്റീരിയൽ മോഷ്ടിച്ച മൂന്ന് പേരെ പിടികൂടുന്നതിനിടയിൽ സിറിഞ്ച് പൊലീസുകാരന് മേൽ തട്ടിയതായി സംശയം തോന്നിയപ്പോഴാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ എച്ച്.ഐ.വി സ്ഥിരീകരിച്ചു. തുടർന്ന്, എയ്ഡ്സ് കൺട്രോൾ ടീം അവരുമായി ബന്ധപ്പെട്ട 45 പേരെ പരിശോധിച്ചതിലാണ് ഏഴോളം പേർക്ക് സ്ഥിരീകരിച്ചത്. 50 അംഗ ജാഗ്രതാ സമിതി സേനയെ വളാഞ്ചേരിയിൽ നിയോഗിക്കും. വാർഡ് തലത്തിൽ വിപുലമായ മീറ്റിംഗ് നടത്തി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ലഹരി കേസുകളിൽ സാക്ഷി പറയാൻ പോകാനുള്ള യാത്രാച്ചെലവുകളടക്കം നഗരസഭ നൽകും.
സൗകര്യമുണ്ട്...ആളെത്തുന്നില്ല
ജില്ലയിൽ എച്ച്.ഐ.വി പരിശോധിക്കാൻ ഏഴ് ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. എന്നാൽ, ഇവിടെ പരിശോധനയ്ക്ക് സ്വയം തയ്യാറായി എത്തുന്നവർ വിരളമാണ്. വിപുലമായ ക്യാമ്പ് സംഘടിപ്പിക്കുന്നതോടെ കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ സ്ഥിരീകരിച്ചത് 65 എച്ച്.ഐ.വി കേസുകളാണ്
.
എച്ച്.ഐ.വി പരിശോധന നടത്താൻ ആളുകൾ പൊതുവെ മടി കാണിക്കുന്ന സാഹചര്യമുണ്ട്. ലഹരി കുത്തിവയ്ക്കുന്ന സിറിഞ്ച് വീണ്ടും ഉപയോഗിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കാനുള്ള സാദ്ധ്യതയുണ്ട്.
ഡോ.സി.ഷുബിൻ , മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |